പ്രഭാത സവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട് : പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ധോണി പയറ്റാംകുന്ന് മായപുരത്ത് ശിവരാമനാണ് (60) മരിച്ചത്. വെള്ളി പുലർച്ചെ അഞ്ചരയോടെ ഉമ്മിനി സ്‌കൂളിന് സമീപമാണ് സംഭവം. ഒമ്പതുപേരാണ് സംഘമായി നടക്കാനിറങ്ങിയത്. ശിവരാമനും മറ്റൊരാളും അൽപം മുന്നിലായിരുന്നു. ആന വരുന്നതുകണ്ട് രണ്ടുപേരും രണ്ടുവശത്തെ പാടത്തേക്ക് ചാടി.
ശിവരാമൻ ചാടിയ വശത്തെ പാടത്തേക്കിറങ്ങിയ ആന ശിവരാമനെ ചെളിയിൽ ചവിട്ടി താഴ്‌ത്തുകയായിരുന്നു. മറ്റുള്ളവർ ബഹളം വച്ചതോടെ ആന സ്ഥലത്തുനിന്ന് പോയി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് മൂന്നു ദിവസമായി ആനയുടെ സാനിധ്യമുണ്ടെന്ന് വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി. എം നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു.
