പാൽച്ചുരത്തിന് 35 കോടിയുടെ പദ്ധതി സമർപ്പിച്ചു

Share our post

കൊട്ടിയൂർ: വയനാട്,കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന് 35 കോടിയുടെ കിഫ്ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്. ഉടൻ അംഗീകാരമാകും. വയനാട്ടിലെ ബോയ്‌സ് ടൗൺ മുതൽ കണ്ണൂരിലെ അമ്പായത്തോട് വരെയുള്ള 6.27 കിലോമീറ്ററാണ് നവീകരിക്കുന്നത്. ഇതിൽ 3.27 കിലോമീറ്ററാണ് പാൽച്ചുരം. പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കാത്ത നിർമാണമായിരിക്കും. സുരക്ഷാമതിലുകളും കൈവരികളും നിർമിക്കും.

മാനന്തവാടിയിൽനിന്ന് ഇരിട്ടിയിലേക്കുള്ള എളുപ്പവഴികൂടിയാണിത്. ധാരാളം വയനാട്ടുകാരും കണ്ണൂരുകാരും ആശ്രയിക്കുന്ന പാതയാണ്. കെ.എസ്.ആർ.ടി.സി സർവീസുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ളവരും ഇതുവഴിയാണ് പോകുന്നത്. വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം കഴിഞ്ഞവർഷമാണ് കെ.ആർ.എഫ്.ബി ഏറ്റെടുത്തത്. പുതിയ കാലത്തിന്റെ പുതിയ നിർമാണമാണ് വിഭാവനം ചെയ്യുന്നത്. ചുരത്തിൽ കൂടിയുള്ള നിലവിലെ യാത്ര ഞാണിന്മേൽ കളിയാണ്.

ഒരുഭാഗം അഗാധമായ കൊക്കയും മറുഭാഗം വൻപാറകൾ തുങ്ങിയ മലയുമാണ്. ഇതിനിടയിലൂടെ വളഞ്ഞു തിരിഞ്ഞാണ് പാത. അഞ്ച് പ്രധാന മുടിപ്പിൻ വളവുകളാണുള്ളത്. മറ്റുനിരവധി ചെറിയവളവുകളും. ജീവൻ പണയപ്പെടുത്തി വേണം നീങ്ങാൻ.

മഴക്കാലമായാൽ ദുർഘട യാത്രയാണ്. മണ്ണും പാറക്കെട്ടുകളും ഏത് നിമിഷവും ഇടിഞ്ഞുവീഴാം. ബുധനാഴ്ച ചുരത്തിലെ ചെകുത്താൻ തോടിന് സമീപം കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

മഴയിൽ മലയുടെ മുകൾഭാഗത്തുനിന്ന് പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞെത്തുകയായിരുന്നു. എല്ലാ വർഷക്കാലത്തും ഇത്തരം അപകടങ്ങൾ പതിവാണ്. ചുരം കയറലാണ് ഏറെ വിഷമകരം. വീതികുറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളാണ്. മറ്റൊരു വാഹനത്തിന് അരിക് കൊടുക്കാനാവില്ല. ചെങ്കല്ല് കയറ്റിയ ലോറികൾ രാവും പകലും ഉണ്ടാകും. കെ.എസ്.ആർ.ടി.സി പലപ്പോഴും വലിയ കയറ്റത്തിൽ യാത്രക്കാരെ ഇറക്കിയാണ് നീങ്ങുക. പിന്നീട് യാത്രക്കാർ നടന്നെത്തി ബസ്സിൽ കയറണം. തലനാഴിരക്ക് ഒഴിവായ അപകടങ്ങൾ നിരവധിയാണ്. റോഡ് നവീകരിക്കുന്നതോടെ ആധിയോടെയുള്ള യാത്രക്ക് പരിഹാരമാകും .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!