കളർ ഫുള്ളായി തലശേരി; ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ച് സഞ്ചാരികൾ
തലശേരി : ഒരുവർഷംമുമ്പ് ഇതായിരുന്നില്ല ഈ തെരുവിന്റെ മുഖം. ഇന്നിപ്പോൾ ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ചും കടൽക്കാഴ്‌ചകൾ ആസ്വദിച്ചും സഞ്ചാരികൾ തലശേരിയെ ആഘോഷിക്കുന്നു. സിനിമക്കാരുടെയും വിവാഹ ഔട്ട് ഡോർ ഷൂട്ടുകാരുടെയും ഇഷ്ടലൊക്കേഷനാണിപ്പോൾ ഈ തെരുവും കടലോരവും. മട്ടാഞ്ചേരി ജൂതത്തെരുവുപോലെ കളർഫുള്ളാകുകയാണ് തലശേരിയും.
ചുമർ ചിത്രത്തിന് മുന്നിൽനിന്ന് കുടുംബസമേതം പടമെടുക്കുന്നവർ, മനംനിറക്കുന്ന കടൽക്കാഴ്‌ചകളിൽ ലയിച്ചുചേരുന്നവർ. ഇതൊക്കെയാണിപ്പോൾ ഈ കടലോരത്തെ സുന്ദര ദൃശ്യങ്ങൾ. നവമാധ്യമങ്ങളിലൂടെയാണ് ഇവിടം യൂട്യൂബർമാരുടെയും യാത്രികരുടെയും കണ്ണിലുടക്കിയത്. തലശേരിയുടെ തനത് രുചി ആസ്വദിക്കാനുള്ള ഫുഡ്‌സ്‌ട്രീറ്റ് കൂടിയായി തീരം മാറുകയാണ്. ഒന്നിനുപിറകെ ഒന്നായി ചായപ്പീടികകൾ ഉയരുകയാണ്.
ഒരു കാലത്ത് മലബാറിലെ തിരക്കേറിയ സ്ഥലമായിരുന്നു പാണ്ടികശാലകളും തുറമുഖവുമടങ്ങുന്ന തീരം. കിഴക്കൻമലയോരത്തുനിന്നുള്ള ടെലിച്ചറി പെപ്പറടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ ഈ തുറമുഖം വഴിയാണ് കടൽ കടന്നത്. ഇറക്കുമതിചെയ്യുന്ന സാമഗ്രികൾ സൂക്ഷിക്കുന്ന ഇടങ്ങളായിരുന്നു പാണ്ടികശാലകൾ. വാണിജ്യപ്രൗഢിയും തുറമുഖത്തിന്റെ പ്രതാപവും അസ്‌തമിച്ചതോടെ താഴെഅങ്ങാടിയും തീരദേശവും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലായി.
ക്രൈസ്‌റ്റ്, പാട്യംസ് കോളേജുകളും പാഴ്‌സൽ കമ്പനികളുമാണ് പിന്നീട് പ്രദേശത്തിന് സജീവത നൽകിയത്. ക്രൈസ്‌റ്റ് കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയതൊടെ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണായി പാണ്ടികശാലകൾ. ഇവിടെയാണ് തലശേരി പൈതൃക ടൂറിസം പദ്ധതി മാറ്റം കൊണ്ടുവന്നത്. റോഡുകൾ ടാർ ചെയ്‌തും നടപ്പാതകൾ കല്ലുപാകിയും മനോഹരമാക്കി. വഴിയോരങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചതോടെ തീരം അണിഞ്ഞൊരുങ്ങി.
ഇരിപ്പിടങ്ങളും വെളിച്ച സംവിധാനവുമുള്ള കടലോരം വേറെ ലെവലാണിപ്പോൾ. ബ്രിട്ടീഷുകാരുടെ പഴയ വാട്ടർടാങ്ക് ഫെർഫോമിങ് സെന്ററാക്കി. തലശേരി ആർട്‌സ് സൊസൈറ്റിയുടെ ചിത്രശാലയും കാഴ്‌ചക്ക് നിറം പകരും.
