കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഓവര്‍സിയര്‍ അറസ്റ്റിൽ
തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
അന്‍സാറിന്റെ നിലവിലുള്ള രണ്ടുനിലക്കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെട്ടിടത്തോടുചേര്‍ന്ന് ഷീറ്റ് പാകിയിരുന്നതിനാല്‍ സ്ഥലപരിശോധനയ്‌ക്കെത്തിയ ഓവര്‍സിയര്‍ നിര്‍മാണാനുമതി നല്‍കുവാന്‍ ബുദ്ധിമുട്ടാണെന്നും 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാമെന്നും പരാതിക്കാരനോട് പറഞ്ഞു. അന്‍സാര്‍ ഈ വിവരം വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്. വെങ്കിടേഷിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്റലിജന്‍സ് പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് പോലീസ് സൂപ്രണ്ട് വി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശ്രീലതയെ അറസ്റ്റുചെയ്യുകയായിരുന്നു. ഡിവൈ.എസ്.പി. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റിജാസ്, അനൂപ് ആര്‍. ചന്ദ്രന്‍, ബി. രാജീവ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
