അർബുദചികിത്സ പരിശോധനക്കിടെ കണ്ടെത്തിയത് ശ്വാസകോശത്തിലെ ഈത്തപ്പഴക്കുരു
തിരുവനന്തപുരം: അർബുദ ചികിത്സ പരിശോധനയിൽ കണ്ടെത്തിയത് ശ്വാസകോശത്തിൽ തറഞ്ഞിരുന്ന ഈത്തപ്പഴക്കുരു. സങ്കീർണ ബ്രോങ്കോസ്കോപിയിലൂടെ കിംസ് ഹെൽത്തിലെ ഡോക്ടർമാർ കുരു പുറത്തെടുത്തു.
കഴുത്തിൽ മുഴയുമായാണ് തിരുവനന്തപുരം സ്വദേശിയായ 75കാരനെ കിംസ് ഹെൽത്ത് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ച അർബുദമാണെന്ന് കണ്ടെത്തി. തുടർചികിത്സക്ക് മുന്നോടിയായി എടുത്ത പി.ഇ.ടി സി.ടി സ്കാനിങ്ങിൽ ശ്വാസകോശത്തിൽ 2.1 സെന്‍റിമീറ്റർ വലുപ്പമുള്ള മറ്റൊരു മുഴ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
രോഗിയെ ഇന്‍റർവെൻഷനൽ പൾമണോളജി യൂനിറ്റിലേക്ക് മാറ്റി. ബ്രോങ്കോസ്കോപ്പിയിലാണ് മുഴ ഇരുണ്ട തവിട്ടുനിറത്തിലുള്ള വസ്തുവാണെന്ന് വ്യക്തമായത്. മൂന്നാഴ്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളിൽപോയ ഈത്തപ്പഴക്കുരുവാണെന്ന് തിരിച്ചറിഞ്ഞു. ബ്രോങ്കോസ്കോപ്പിയുടെ സഹായത്തോടെ ശ്വാസനാളികൾക്ക് പരിക്കൊന്നുമില്ലാതെ ഈത്തപ്പഴക്കുരു വിജയകരമായി നീക്കി.
