ഓൺലൈനിൽ വാങ്ങിയ വാനിറ്റി ബാഗിൽ പണവും രേഖകളും
        തൃക്കരിപ്പൂർ : ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്‌സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ മറ്റൊരു വാലറ്റ് ലഭിച്ചത്. സഹോദരി ഫിസക്ക് വേണ്ടിയാണ് അജിയോ വഴി ലേഡീസ് ബാഗ് ഓർഡർ ചെയ്തത്.
ലഭിച്ച ബാഗ് തുറന്ന് നോക്കിയപ്പോഴാണ് രണ്ടാമത്തെ ബാഗ് ശ്രദ്ധയിൽപെട്ടത്. ഇതിനകത്ത് 5000 രൂപ, എ.ടി.എം കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവയാണ് ഉണ്ടായിരുന്നത്. സഹൽ ചന്തേര പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ്.ബി.ഐയുടെ എ.ടി.എം കാർഡ് വഴിയാണ് ഉടമസ്ഥയുടെ നമ്പർ ഉൾപ്പെടെ ലഭിച്ചത്.
ഇപ്പോൾ ഡൽഹിയിലുള്ള യുവതിയെ ബന്ധപ്പെട്ട് പണം അയച്ചശേഷം രേഖകൾ കൊറിയറിൽ അയച്ചുകൊടുത്തു. ഇവർ വാങ്ങിയ ബാഗ് തിരിച്ചയച്ചപ്പോൾ സ്വന്തം ബാഗ് അകപ്പെടുകയായിരുന്നു.
