മുഴപ്പിലങ്ങാട് – മാഹി ബൈപാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് സംരക്ഷണ ഭിത്തി തകർന്നു
        തലശേരി : കനത്ത മഴയിൽ പ്രവൃത്തി നടക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ബൈപ്പാസിന്റെ സംരക്ഷണഭിത്തി തകർന്നു. പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിന് എതിർവശത്തെ മണൽക്കുന്നുമ്മലിൽനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്.
കഴിഞ്ഞ മഴക്കാലത്തും ഈ കുന്നിൽനിന്ന് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമിയാണിത്. നേരത്തേ മണൽക്കുന്നുമ്മൽ ജാനുവും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇവിടെ ആൾതാമസമില്ല. വീടിന്റെ അടുക്കളയുടെ കുറച്ചുഭാഗവും ചുറ്റുമതിലിന്റെ ഒരു ഭാഗവുമാണ് വലിയ ഉയരത്തിലുള്ള കുന്നിൽനിന്ന് താഴേക്ക് പതിച്ചത്.
വീടിന്റെ ബാക്കിഭാഗവും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ബൈപ്പാസ് റോഡരികിൽ സംരക്ഷണഭിത്തിയുടെ പണി നടക്കുന്ന ഒരുഭാഗവും തകർത്താണ് മണ്ണ് റോഡിലേക്ക് പതിച്ചത്. മണൽക്കുന്നുമ്മൽ ഭാഗത്ത് അഞ്ച് വീടുകളാണുള്ളത്. കുന്നിന്റെ അരികിലുള്ള മറ്റൊരു വീടിന്റെ ഭാഗങ്ങളും ഇടിഞ്ഞ് വീഴാവുന്ന തരത്തിൽ അപകടഭീഷണിയിലാണ്.
