നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കും

കണ്ണൂർ : കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി പുനസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ.മാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡി.ടി.ഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാസർകോട് ഭാഗത്തേക്കുമുള്ള രാത്രികാല കെ എസ് ആർ ടി സി സർവ്വീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കും. പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റൂട്ടിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കും. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി യൂണിറ്റുകളിൽ നിന്നും വരുമാനം ലഭിക്കുന്ന സർവ്വീസുകൾ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സജീവമാക്കാൻ ആർ.ടി.ഒ.ക്ക് യോഗം നിർദേശം നൽകി. സ്വകാര്യ ബസ്സുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ നൽകുന്നത് അടിയന്തിരമായി തീരുമാനിച്ച് റിപ്പോർട്ട് ചെയ്യാൻ ആർ.ടി.ഒ.ക്ക് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. വിദ്യാർഥികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാപ്രശ്‌നം പരിഗണിച്ചാണിത്.
ദേശീയപാതയിലെ സർവീസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചതിനാൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
സമയബന്ധിതമായി പദ്ധതികൾ തീർപ്പാക്കാൻ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
വികസന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന യോഗങ്ങളിൽ ഉത്തരവാദപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ വീഴ്ച കൂടാതെ പങ്കെടുക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ കെ.പി. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ.പ്രകാശൻ, എം.പി.മാരുടെയും എം.എൽ.എ.മാരുടെയും പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.