അഞ്ചുദിവസത്തേക്ക് ആലപ്പുഴ- കണ്ണൂർ എക്സി. എക്സ് പ്രസ് പാതിവഴിയിൽ നിറുത്തും

Share our post

കണ്ണൂർ: തൃശ്ശൂർ പൂങ്കുന്നം യാർഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്ന് മുതൽ അഞ്ചുദിവസം പാതിവഴിയിൽ ഓട്ടം നിർത്തും. ഷൊർണൂർ മുതൽ കണ്ണൂർ വരെയുള്ള സർവിസാണ് റദ്ദാക്കുന്നത്. പുലർച്ചെ കോഴിക്കോട് ഭാഗത്തേക്കും രാത്രി കണ്ണൂരിലേക്കുമുള്ള യാത്ര ഇതോടെ ബുദ്ധിമുട്ടിലാവും.

ഭൂരിഭാഗം കോച്ചുകളിലും റിസർവേഷനില്ലാതെ യാത്ര ചെയ്യാനാവുള്ള ട്രെയിൻ താൽക്കാലികമായി റദ്ദാക്കുന്നത് ജില്ലയിലെ യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇന്ന് കണ്ണൂരിൽനിന്നും പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴയെത്തി തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 24,26,28,29 തീയതികളിലാണ് യാത്രനിയന്ത്രണം. രാവിലെ 5.10ന് കണ്ണൂരിൽനിന്നും തുടങ്ങുന്ന ഈ ട്രെയിൻ 5.30ന് തലശ്ശേരിയിലും 6.37ന് കോഴിക്കോടുമെത്തും. ഇതിന് മുമ്പ് 4.50ന് കണ്ണൂരിൽനിന്നും തിരുവനന്തപുരം ജനശതാബ്ദിയുണ്ടെങ്കിലും റിസർവേഷൻ ആവശ്യമായതിനാൽ സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടില്ല. ബുധൻ, ഞായർ ദിവസങ്ങളിൽ ജനശതാബ്ദി സർവീസുമില്ല.

6.20ന് കണ്ണൂർ- കോയമ്പത്തൂർ മെമു, 7.10ന് മംഗളൂരു -നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നിവയാണ് സ്ഥിരം യാത്രക്കാർക്ക് ആശ്രയിക്കാവുന്നത്. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് ഓട്ടം നിർത്തുന്നതോടെ ഈ വണ്ടികളിൽ തിരക്കുവർദ്ധിക്കും.

രാത്രി യാത്രയില്ല

രാത്രി വൈകി കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്നവർക്ക് ആശ്രയിക്കാവുന്ന ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് സർവീസ് ഷൊർണൂർ വരെയാക്കുന്നതോടെ രാത്രിയാത്രയും ദുരിതത്തിലാവും. വൈകിട്ട് 6.35ന് കോയമ്പത്തൂർ മെമു കോഴിക്കോട് നിന്നും പോയതിന് ശേഷം കണ്ണൂരുകാർക്ക് എക്സിക്യൂട്ടീവ് എക്സ്പ്രസായിരുന്നു ആശ്രയം. 9.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 11.10നാണ് ഈ ട്രെയിൻ കണ്ണൂരിലെത്തുന്നത്. ഇതിന് ശേഷം സ്ഥിരം യാത്രക്കാർക്ക് ഉപകരിക്കുന്ന വണ്ടികൾ ഇല്ലെന്നുപറയാം. നവീകരണം നീളുകയാണെങ്കിൽ ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് യാത്രനിയന്ത്രണം നീട്ടുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!