ചെറിയ കുട്ടികളുടെ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം
സാമൂഹിക മാധ്യമത്തിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. പഠനത്തിലും മറ്റുമുള്ള താൽപര്യം വിട്ട് മുഴുവൻ സമയവും സോഷ്യൽമീഡിയയിൽ ഇരുന്ന് സമയം കളയുന്ന കുട്ടികളുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതിജാഗ്രത പുലർത്തേണ്ട സമയമായെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങളിൽ പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിത്തിരക്ക് കാരണം മക്കളെ ശ്രദ്ധിക്കാൻ സമയമില്ലാത്ത മാതാപിതാക്കളും സാങ്കേതിക വിദ്യയുടെ നൂതനമാർഗങ്ങൾ അധികമായി ഉപയോഗിക്കുന്ന കുട്ടികളും ഇന്ന് വളരെ കൂടുതലാണ്.
കുട്ടികൾ കൂടുതൽ സമയം ടെലിവിഷൻ, ടാബ്, മൊബൈൽ ഫോൺ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്‌ക്രീൻ സമയം കൂടുന്നതിലൂടെ ഒട്ടേെറ ആരോഗ്യപ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും കുട്ടികളിൽ ഉടലെടുക്കുന്നു. ചെറിയ കുട്ടികളിൽ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം. ഇല്ലെങ്കിൽ കുട്ടികളുടെ കണ്ണിനെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കും.
കൂടുതൽ സമയം ഡിജിറ്റൽ മാധ്യമങ്ങളിൽ ചെലവിടുമ്പോൾ കായികാരോഗ്യം കുറയുന്നു. കാർട്ടൂണുകളിലും ഗെയിമുകളിലും കാണുന്ന അമാനുഷിക താരങ്ങളോടുള്ള അമിതാരാധന കുട്ടികളുടെ സർഗാത്മക കഴിവുകൾ കുറയ്ക്കുന്നു. ആരോഗ്യപരമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെയും മറ്റു വസ്തുക്കളുടെയും പരസ്യങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുന്നു. നിർബന്ധബുദ്ധിയോടെ അത്തരം സാധനങ്ങൾ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യും.
ഡിജിറ്റൽ ഉപകരണങ്ങളിൽ കുട്ടികൾ സ്വയം ഒതുങ്ങുമ്പോൾ സാമൂഹിക ഇടപെടലുകളിൽനിന്ന് അവർ പിൻവലിയുന്നു. ഇത്തരം കാര്യങ്ങളെ മറികടക്കാൻ കുട്ടികളിൽ പുസ്തകവായന വർധിപ്പിക്കുകയും കായികാരോഗ്യം നൽകുന്ന ഔട്ട്ഡോർ ഗെയിമുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യാം.
നമ്മുടെ കുട്ടികളുടെ സാഹചര്യങ്ങളെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നില്ലെന്ന് ഓരോ രക്ഷിതാക്കളും ഉറപ്പ് വരുത്തണം. പ്രത്യേകിച്ച് ഡിജിറ്റൽ വേദികളിൽ കുട്ടികൾ സജീവമാകുമ്പോൾ അവർ ഇടപെടുന്ന മേഖലകളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണം. കുട്ടികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരും മറ്റു കുറ്റകൃത്യങ്ങളിലേർപ്പെടാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നവരും ദിനംപ്രതി കൂടുകയാണ്. സൈബർ ഇടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് നമ്മൾ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
