കത്തിക്കരിഞ്ഞ നിലയില്‍ മുൻ വാർഡ് കൗൺസിലറുടെ മൃതദേഹം; തെങ്ങില്ലാത്ത സ്ഥലത്ത് കത്തിക്കരിഞ്ഞ ഓലയും

Share our post

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ (66) മൃതദേഹമാണ് മണ്ണാന്‍മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

ശനിയാഴ്ച രാവിലെ 10 മണിക്ക് ശേഷം പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്തിന്റെ സമീപത്തുള്ളയാള്‍ തന്റെ പറമ്പ് വൃത്തിയാക്കാന്‍ എത്തിയപ്പോളാണ് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ സ്ഥലം പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ് കിടപ്പുണ്ട്. എന്നാല്‍ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തൊന്നും തെങ്ങുകള്‍ ഇല്ല. ഇതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

മടത്തുവിളാകം, മണികണ്ഠേശ്വരം വാര്‍ഡുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ആളാണ് മരിച്ച അജയ്കുമാര്‍. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീകാര്യത്ത് മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നാലുദിവസമായി ഇവിടെ നിന്ന് അജയ്കുമാറിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!