ക്യൂ-നെറ്റ് ഓൺലൈൻ മണി തട്ടിപ്പ്: കണ്ണൂരിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: ഓൺലൈൻ മണി ചെയിൻ മാതൃകയിൽ നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിനി പി. സിതാര മുസ്തഫ (24) ഭർത്താവ് എം.കെ. സിറാജുദ്ദീൻ (28), തൃശൂർ എരുമപ്പെട്ടി സ്വദേശി വി.എ. ആസിഫ് റഹ്മാൻ (30) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദേശ പ്രകാരം എ.സി.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ക്യു-നെറ്റ് മണി ചെയിൻ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട ചാലാട് ബാനം റോഡ് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ (24) പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തിരുന്നത്. 2021 സെപ്റ്റംബർ 10നാണ് പരാതിക്കാരൻ സംഘത്തിന്റെ തട്ടിപ്പിൽ ഇരയായത്. 1,75,000 രുപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15,000 രൂപ വീതം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരന്റെ 4,50,000 രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
സാമ്പത്തിക തട്ടിപ്പ് നടത്തി ഇടപാടുകാരെ വഞ്ചിച്ച് ഒളിവിൽ കഴിയുകയായിരുന്ന ദമ്പതികളെ കൊല്ലത്ത് നിന്നും മൂന്നാം പ്രതി ആസിഫ് റഹ്മാനെ തൃശൂരിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. പിടിയിലായ തട്ടിപ്പ് സംഘത്തിനെതിരെ വളപട്ടണം, എടക്കാട് സ്റ്റേഷനുകളിൽ കേസുകളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം അനേകം പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. എസ്.ഐ. രാജീവൻ, എ.എസ്.ഐ. അജയൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാജി സ്‌നേഹേഷ്, പ്രമോദ്, സജിത് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.