കുഞ്ഞുങ്ങളോട് ഡോക്ടർമാരടക്കമുള്ള ആസ്പത്രി ജീവനക്കാർ സൗഹാർദപരമായി പെരുമാറണം: ബാലാവകാശ കമ്മിഷൻ
കൊല്ലം: ചികിത്സതേടിയെത്തുന്ന കുട്ടികളോട് ഡോക്ടർമാരടക്കമുള്ള ആസ്പത്രി ജീവനക്കാർ സൗഹാർദത്തോടും സഹാനുഭൂതിയോടും പെരുമാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. സംസ്ഥാനത്തെ മുഴുവൻ ആസ്പത്രികളും ശിശുസൗഹൃദമാക്കി തീർക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ നിർദേശവും നൽകി. കമ്മിഷൻ അംഗം റെനി ആന്റണിയുടേതാണ് നിർദേശം. പാമ്പുകടിയേറ്റതിനെത്തുടർന്ന് എത്തിച്ച 11-കാരന് പുനലൂർ താലൂക്ക് ആസ്പത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്ന മാധ്യമവാർത്തകളെത്തുടർന്ന് സ്വമേധയാ കേസെടുത്താണ് കമ്മിഷൻ ഈ നിർദേശം നൽകിയത്.