ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കർശനമാക്കി ആറളം പഞ്ചായത്ത്
ആറളം : ആറളം ഗ്രാമപ്പഞ്ചായത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമാക്കി. ഇതിന്റെ ഭാഗമായി എട്ടുമാസമായി ഹരിതകർമസേനാംഗങ്ങൾ വാർഡിനകത്ത് ബോധവത്കരണവും പ്ലാസ്റ്റിക് ശേഖരണവും നടത്തിവരികയാണ്. പഞ്ചായത്ത് തലത്തിൽ 34 അംഗങ്ങളാണ് പ്ലാസ്റ്റിക് വീടുകളിൽനിന്ന് ശേഖരിക്കാൻ നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴായിരത്തോളം വീടുകളിലെത്തിയാണ് ശേഖരണം. 17 വാർഡുകളിലായി 23 ശേഖരണകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ 48 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. വ്യാപാരസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക്ക്മുക്ത ആറളത്തിനായി ‘ഈ സ്ഥാപനത്തിൽനിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നൽകുന്നതല്ല’ എന്ന സ്റ്റിക്കർ പതിപ്പിച്ചു. 18 ടൺ പ്ലാസ്റ്റിക്കുകളാണ് ഇതുവരെ ശേഖരിച്ച് സംസ്കരണകേന്ദ്രത്തിലേക്കയച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രസിന്റ് കെ.ജെ. ജെസിമോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷിജി നടുപ്പറമ്പിൽ, അംഗങ്ങളായ ജോസഫ് അന്ത്യംകുളം, വത്സാ ജോസ്, ഇ.സി. രാജു, സി.ഡി.എസ്. ചെയർപേഴ്‌സൺ സുമാ ദിനേശൻ, ബെന്നി ജോർജ്, ഫാ. ആന്റണി മുതുകുന്നേൽ എന്നിവർ സംസാരിച്ചു.
