പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിലും
കണ്ണൂർ : പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭിക്കാൻ ഇനി ഓഫിസുകളിൽ ചെന്ന് മണിക്കൂറുകൾ കാത്തിരിക്കേണ്ട. ലോകത്ത് എവിടെ നിന്നും അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നിലവിൽ വന്നു. തദ്ദേശ വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) വഴിയാണ് സേവനം ലഭ്യമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 25 പഞ്ചായത്തുകളിൽ നടപ്പാക്കിയിരുന്ന സേവനം ഏപ്രിൽ മുതൽ മുഴുവൻ പഞ്ചായത്തുകളിലും ലഭ്യമായി തുടങ്ങി.
ആധാർ അധിഷ്ഠിതമാണ് ഈ സേവനങ്ങളിൽ ഭൂരിഭാഗവും. അപേക്ഷകളും പരാതികളും ഓഫിസുകളിൽ പോകാതെ തന്നെ സ്വന്തം കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് ഓൺലൈൻ ആയി അയയ്ക്കാം. പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് വഴിയും അപേക്ഷകൾ നൽകാൻ സാധിക്കും. അപേക്ഷ ഫീസും മറ്റു ഫീസുകളും ഓൺലൈൻ ആയി അടയ്ക്കാം. അപേക്ഷയിൻ മേലുള്ള നടപടി വിവരങ്ങൾ ഓൺലൈൻ ആയി അറിയാം. അപേക്ഷകൾ മുൻഗണനാക്രമം കൃത്യമായി പാലിച്ച് തന്നെ തീർപ്പാകുന്നു എന്ന് ഉറപ്പാക്കാനും സാധിക്കും.
സോഫ്റ്റ്‌വെയറിലേക്കു മാറുന്നത് ജീവനക്കാർക്കും ഗുണകരമാണ്. ഫയലുകൾ വേഗം തീർപ്പാക്കാൻ സാധിക്കും. നിയമാനുസൃതമായി മാത്രം ഫയലുകൾ തീർപ്പാക്കാൻ സോഫ്റ്റ് വെയർ സഹായിക്കുമെന്നതും നേട്ടമാണ്. ഐ.എൽ.ജി.എം.എസിന് പുറമേ മൊബൈൽ ആപ്പുകൾ വഴി മിക്കവാറും സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. രണ്ടാംഘട്ട ഓൺലൈൻ സേവന വികസനത്തിന്റെ ഭാഗമായി ഇവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നൽകാനാണ് ആലോചിക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളുടെ സർവീസ് ഡെലിവറി സിസ്റ്റത്തിലെ നാഴിക കല്ലായിരിക്കും ഈ സംവിധാനം. വേഗത്തിൽ ജില്ലയിൽ സോഫ്റ്റ് വെയർ പൂർണമായി വിന്യസിക്കാൻ കഴിഞ്ഞു. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്‌വെയർ തയാറാക്കിയത്.
