കണ്ടറിയാം സൂക്ഷ്മ കോശങ്ങളെ; അകറ്റാം അർബുദത്തെ
        കണ്ണൂർ : ക്യാൻസർ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തി മലബാർ ക്യാൻസർ സെന്റർ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലൊരുക്കിയ ‘എന്റെ കേരളം’ പ്രദർശന നഗരിയിലാണ് എം.സി.സി സ്റ്റാൾ ശ്രദ്ധേയമാകുന്നത്. പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അർബുദ കോശങ്ങളെ മൈക്രോ സ്‌കോപ്പിന്റെ സഹായത്തോടെ സാധാരണ ആളുകൾക്ക് കണ്ടറിയുവാനുള്ള സൗകര്യമാണ്.
സാധാരണ കോശങ്ങളും അർബുദ കോശങ്ങളും കണ്ടു  മനസ്സിലാക്കി,  സംശയങ്ങളും തീർത്താണ് ഓരോ ആളും ഇവിടെനിന്ന് പോകുന്നത്. അതിനാൽ തന്നെ വലിയ തിരക്കാണ് ഇവിടെ. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമുള്ള പെറ്റ് സി.ടി.  സ്‌കാൻ, ലീനിയർ ആക്‌സിലറേറ്റർ എന്നീ ആധുനിക മെഷീനുകൾ നേരിട്ട് കണ്ട് പരിചയപ്പെടാം. റേഡിയേഷൻ ചികിത്സ നൽകാൻ ഉപയോഗിക്കുന്ന ബ്രാക്കിതെറാപ്പി മെഷീനും ഇവിടെ ഉണ്ട്. സ്തനാർബുദ നിർണയത്തിനുപയോഗിക്കുന്ന മാമ്മോഗ്രാം മെഷീന്റെ ചെറു മാതൃകയും പ്രവർത്തനവും വിശദീകരിച്ച് നൽകും. ചികിത്സയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും സംശയങ്ങൾ ദുരീകരിക്കാനും ഇത് വഴി കഴിയും. 
ക്യാൻസർ ബാധിച്ച വിവിധ ശരീര ഭാഗങ്ങളിലൂടെ കാൻസർ വരുന്നതിന്റെ കാരണങ്ങളും വരാതിരിക്കേണ്ടതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വളന്റിയർമാർ വിവരിക്കും.
