നോമ്പുകാലം: പഴവിപണിയിലിടം ‘വിദേശി’കൾക്ക്

കണ്ണൂർ : ക്ഷീണമകറ്റാൻ നോമ്പുതുറ വിഭവങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പഴവും തീൻമേശയിൽ ഇടംപിടിച്ചിട്ടുണ്ടാകും. നോമ്പുകാലത്ത് പഴങ്ങൾക്ക് ആവശ്യക്കാരേറും. ഒപ്പം വിലയും ഉയരാനാണ് സാധ്യത.
മാങ്ങയുടെ സീസണാണിത്. മറ്റുള്ള പഴങ്ങളുടെ സീസൺ അവസാനിച്ചതിനാൽ പുറത്തുനിന്നാണ് ഇവയിൽ കൂടുതലും വരുന്നത്. അതാണ് പഴങ്ങൾക്ക് വിലകൂടാനുള്ള സാധ്യത. ഇന്ധനവില വർധനയും ഇതിനൊരു കാരണമാണ്. ബെംഗളൂരുവിൽനിന്നാണ് കൂടുതൽ പഴവർഗങ്ങൾ കണ്ണൂരിലെത്തുന്നത്. വിദേശത്തുനിന്നാണ് ഇവിടേക്ക് പഴങ്ങളെത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നാണ് ആപ്പിളും മധുരനാരങ്ങയും ഇറക്കുമതി ചെയ്യുന്നത്. അതിനാൽ സീസണായിരുന്ന സമയത്ത് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന മധുരനാരങ്ങയ്ക്ക് 100 രൂപ മുതലാണ് ഇപ്പോൾ വില. വലിയ പ്ലമ്മിനും പിയറിനുമാണ് വില കൂടുതൽ. കിലോയ്ക്ക് 400 രൂപ. കാലിഫോർണിയയിൽനിന്നാണ് പ്ലം എത്തിക്കുന്നത്.
വൈവിധ്യം വത്തക്കയിൽ
പഴവിപണിയിൽ നോമ്പുകാലത്തെ ഹീറോ വത്തക്കയാണ്. എന്നാൽ ഇത്തവണ വത്തക്കയിൽ നിറത്തിലും വലുപ്പത്തിലുമുണ്ട് വൈവിധ്യം. മുൻപുതന്നെ കണ്ടുപരിചയിച്ച വലിയ വത്തക്കയാണ് ഇതിൽ മുമ്പൻ. കിലോയ്ക്ക് 30 രൂപയാണ് വില. ഇനി ഇതിന്റെ കുഞ്ഞൻ കറാച്ചി വത്തയ്ക്കയുമുണ്ട്. അതിന് 25 രൂപയാണ് കിലോയ്ക്ക്.
കറാച്ചി വത്തക്ക മുറിച്ചാലോ മഞ്ഞനിറം. മറ്റൊരിനം മഞ്ഞനിറത്തിലുള്ള തൊലിയുള്ള കുഞ്ഞുവത്തക്കയാണ്. പക്ഷേ, മുറിച്ചാൽ സാധാരണ വത്തക്കയുടെ ചുവപ്പുനിറം തന്നെയായിരിക്കും. 35 രൂപയാണ് വില.
വില മുകളിലോട്ട്
പഴവർഗങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കൈതച്ചക്ക കിലോയ്ക്ക് 70-80 രൂപയാണ് നിലവിലെ വില. ഇത് 90 രൂപവരെയെത്തുമെന്നാണ് തെക്കിബസാറിലെ എം.സി.എസ്. ഫ്രൂട്ട്സ് കടയുടമ എം. ഷാജി പറയുന്നത്. നല്ല അനാറിന് 180-200 രൂപ വരെയാണ് വില. അത് ഇനിയും കൂടും. നോമ്പുകാലമായതിനാലുള്ള വിലക്കയറ്റമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശമാം-70, ആപ്പിൾ-200, 240, 260, കിവി-100, പച്ചമുന്തിരി-100, കുരുവില്ലാത്ത ചുവപ്പ് മുന്തിരി 160, കുരുവുള്ള ചുവപ്പ് മുന്തിരി 90, മാങ്ങ-100, നേന്ത്രപ്പഴം, പൂവൻപഴം-70, ബട്ടർ-300, ലിച്ചി-350, പച്ച ആപ്പിൾ-220 എന്നിങ്ങനെയാണ് വില. നോമ്പുകാലത്ത് ആവശ്യക്കാരേറെയുള്ളത് വത്തക്കയ്ക്കും മധുരനാരങ്ങയ്ക്കും അനാറിനുമാണ്. നോമ്പുതുറ വിഭവങ്ങളൊരുക്കാനായി പഴത്തിനും കൂടുതൽ ആവശ്യക്കാരുണ്ടെന്ന് പഴക്കടയിലെ ജീവനക്കാരൻ രഞ്ജിത്ത് ബാബു പറഞ്ഞു.