10 ശതമാനം അധിക വ്യാപനശേഷിയുമായി എക്‌സ്-ഇ വൈറസ്
ജനീവ : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘എക്‌സ്- ഇ’ വൈറസ് ഒമിക്രോണിന്റെ ബി.എ.2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് സൂചന നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ ബി.എ.2 ഉപവകഭേദമാണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ബി.എ.2 ഉപവകഭേദം ലോകത്ത് വിവിധയിടങ്ങളില്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒ.യുടെ പുതിയ മുന്നറിയിപ്പ്.
ഒമിക്രോണ്‍ ബി.എ -1, ബി.എ-2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമായാണ് എക്‌സ് -ഇ കണക്കാക്കപ്പെടുന്നത്. ഇതുവരെ വളരെ കുറച്ച് എക്‌സ്-ഇ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 19ന് യുകെയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഡബ്ല്യു.എച്ച്. വ്യക്തമാക്കുന്നു. യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനപ്രകാരം എക്‌സ്-ഡി, എക്‌സ്-ഇ, എക്‌സ്-എഫ് എന്നീ മൂന്ന് പുതിയ വകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.