വാക്‌സിന്‍ നിര്‍മ്മാണത്തിന് കേരളം; തയ്യാറായി രണ്ട് കമ്പനികള്‍

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാക്‌സിനുകളുടെ നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികള്‍. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത്.

ഇവയുടെ പ്രവര്‍ത്തനം, വാക്‌സിന്‍ ഉത്പാദനത്തിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നല്‍കി. ഇനി ഈ കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം. വ്യവസായവികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ധനവകുപ്പിന്റെ പരിശോധനയിലാണ്.

തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്‌സിന്‍ നിര്‍മാണവും ഗവേഷണകേന്ദ്രവും തുടങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. നിക്ഷേപത്തിനു തയ്യാറാകുന്ന കമ്പനികള്‍ക്ക് നല്‍കാവുന്ന ഇളവുകള്‍ എന്തെല്ലാമെന്നു കാണിച്ച് 2021 െസപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവുമിറക്കിയിരുന്നു. ഇതനുസരിച്ചാണ് കെ.എസ്.ഐ.ഡി.സി. താത്പര്യപത്രം ക്ഷണിച്ചതും രണ്ടുകമ്പനികള്‍ യോഗ്യത നേടിയതും.

ഏതുരീതിയില്‍ ഭൂമിയും അടിസ്ഥാനസൗകര്യവും നല്‍കണമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നിക്ഷേപത്തിനു തയ്യാറായി വരുന്ന കമ്പനികളായതിനാല്‍ ടെന്‍ഡര്‍ രീതി വേണ്ടെന്നാണ് പൊതുനിലപാട്. ബി.ഒ.ടി., പാട്ടവ്യവസ്ഥ എന്നിവയെല്ലാമാണ് പരിഗണനയിലുള്ളത്.

സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതോടെ, ഇരുകമ്പനികള്‍ക്കും സ്വീകാര്യമായ പാക്കേജ് ഉറപ്പാക്കി കരാറുണ്ടാക്കും. കെ.എസ്.ഐ.ഡി.സി.യുമായിട്ടായിരിക്കും കരാര്‍.

സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്

  • വാക്‌സിന്‍ യൂണിറ്റിനും ഗവേഷണകേന്ദ്രത്തിനും അപേക്ഷിച്ചാല്‍ ഒരുമാസത്തിനകം അനുമതി.
  • 60 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമി. പാട്ടത്തുകയില്‍ 50 ശതമാനംവരെ ഇളവ്.
  • സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവയെല്ലാം ഒഴിവാക്കും.
  • മൂലധനച്ചെലവിന്റെ 30 ശതമാനം വരെ സബ്സിഡി നല്‍കും.
  • 20 വര്‍ഷംവരെ തിരിച്ചടവ് കാലാവധി നല്‍കി നാലുശതമാനം പലിശയില്‍ വായ്പ ലഭ്യമാക്കും.
  • വൈദ്യുതിക്കും, വെള്ളത്തിനും സബ്സിഡി.
  • ലൈഫ് സയന്‍സ് പാര്‍ക്കിലെ 85,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ വാടകയ്‌ക്കോ പാട്ടത്തിനോ സ്ഥലം അനുവദിക്കും

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!