കോവിഡ് നാലാം തരംഗം: കൊറോണ വൈറസ് പരിവര്‍ത്തനത്തിന് മൂന്ന് സാധ്യതകളെന്ന് ഡബ്യു.എച്ച്.ഒ

Share our post

ഭാവിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് ഈ മൂന്ന് സാധ്യതകള്‍ അവതരിപ്പിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. 

ആദ്യത്തെ സാധ്യത അനുസരിച്ച് കുറഞ്ഞ തീവ്രതയുള്ള തരംഗങ്ങള്‍ കോവിഡിനെതിരെയുള്ള മനുഷ്യരുടെ പ്രതിരോധ ശക്തി കുറയുന്നതിന് അനുസരിച്ച് അവിടിവിടങ്ങളില്‍ പൊട്ടിപ്പുറപ്പെടാം. ഈ സാധ്യതയെ നേരിടാന്‍ ഉയര്‍ന്ന റിസ്കുള്ള ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് തെദ്രോസ് അദാനം പറഞ്ഞു. ഈ സാധ്യത അനുസരിച്ച് കോവിഡ് ഇന്‍ഫ്ളുവന്‍സ പനിപോലെ മഞ്ഞുകാലത്തൊക്കെ തല പൊക്കുന്ന ഒരു സീസണല്‍ രോഗമായി മാറാം. 

രണ്ടാമത്തെ സാധ്യത അനുസരിച്ച് കോവിഡിന്‍റെ ഭാവി വകഭേദങ്ങള്‍ ഇപ്പോഴത്തേതിനേക്കാള്‍ തീവ്രത കുറഞ്ഞതും കുറഞ്ഞ നിരക്കിലുള്ള അണുബാധയും ആശുപത്രിവാസവും ഉണ്ടാക്കുന്നതുമായിരിക്കും. ബൂസ്റ്റര്‍ ഡോസുകളില്ലാതെതന്നെ ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് കോവിഡിനെതിരെ സംരക്ഷണം ലഭിക്കാം. നിലവിലെ വാക്സിനുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യവും ഈ സാധ്യതയിലില്ല. 

മൂന്നാമത്തെ സാധ്യത വിരല്‍ചൂണ്ടുന്നത് കൂടുതല്‍ മാരകവും വ്യാപനശേഷി കൂടിയതും തീവ്രവുമായ വകഭേദം ഉണ്ടാകുന്നതിനെ കുറിച്ചാണ്. ഈ സാഹചര്യം വന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകളൊന്നും ഫലപ്രദമായെന്ന് വരില്ല. ഇത്തരമൊരു ഘട്ടം വന്നാല്‍ കോവിഡ് വാക്സിനുകളുടെ ഒരു പുതുക്കിയ വേര്‍ഷന്‍ അവതരിപ്പിക്കേണ്ടി വരുമെന്നും വ്യാപകമായ തോതില്‍ ബൂസ്റ്റര്‍ വാക്സീനുകള്‍ എടുക്കേണ്ടി വരുമെന്നും തെദ്രോസ് അദാനം കൂട്ടിച്ചേര്‍ത്തു. 

കൃത്യമായ ആസൂത്രണത്തോടെ രാജ്യങ്ങള്‍ മുന്നോട്ട് നീങ്ങിയാല്‍ ഇതില്‍ ഏതു തരത്തില്‍ വൈറസിന് പരിവര്‍ത്തനം സംഭവിച്ചാലും കോവിഡിനെ നിയന്ത്രിച്ച് നിര്‍ത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിന് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുന്നുണ്ടോ എന്നറിയാന്‍ രാജ്യങ്ങൾ നിരീക്ഷണ ശേഷികള്‍ വര്‍ധിപ്പിക്കണമെന്നും ഡബ്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാല കോവിഡ് ബാധിച്ച രോഗികളെ കണ്ടെത്താനുള്ള സംവിധാനങ്ങളും മെച്ചപ്പെടണം. മാത്രമല്ല സാര്‍സ് കോവ് 2 പരിശോധനകള്‍ ശക്തമായി തന്നെ തുടരണം. മൃഗങ്ങള്‍ക്കിടയിലെ കോവിഡ് വൈറസിന്‍റെ പരിണാമത്തെയും നിര്‍ബന്ധമായും ട്രാക്ക് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!