വടകര കേസ്: അധ്യാപികമാരെ കുരുക്കിയത് അനസ്, ആദ്യം വലയിലാക്കിയത് കീര്‍ത്തനയെ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തില്‍ എത്തിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസ് എന്നാണ് വിവരം. കീര്‍ത്തനയെയാണ് അനസ് ആദ്യം വലയില്‍ കുരുക്കിയത്. അനസിന്റെ വീടിന് സമീപം കീര്‍ത്തന വാടകയ്ക്ക് താമസിച്ചപ്പോഴാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ഈ പരിചയം വഴിയാണ് മയക്ക് മരുന്ന്- സാമ്പത്തിക ഇടപാടിലേക്ക് കീര്‍ത്തന എത്തിയത്. തുടര്‍ന്ന് മറ്റ് അധ്യാപികമാരെയും വലയിലാക്കി. അനസിന് സെക്സ് റാക്കറ്റുമായി ബന്ധമെന്നും സൂചനയുണ്ട്.
നിരവധി പെണ്‍കുട്ടികളെ അനസ് മയക്കുമരുന്നിന് അടിമയാക്കിയെന്നും സംശയമുള്ളതായി പൊലീസ് അറിയിച്ചു. പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും. തുടര്‍ന്ന് ഇവരെ കാരിയയര്മാര് ആക്കുകയാണ് അനസിന്റെ രീതി എന്നും നിഗമനമുണ്ട്. അനസിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
നിലവില്‍ കൊയിലാണ്ടി സബ് ജയിലില്‍ കഴിയുകയാണ് അനസ്. ജയിലിലെത്തിയാണ് അന്വേഷണസംഘം അനസിനെ പ്രതി ചേര്‍ത്തത്. കേസിലെ ആറാം പ്രതിയാണ് അനസ്. ലഹരി ഇടപാടുകളില്‍ അനസിന് നിര്‍ണായകമായ പങ്കുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. അനസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
കേസിലെ പ്രതികളില്‍ അഞ്ച് പേര് ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്താണുള്ളത്. ബിആര്‍സി അധ്യാപികമാരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന് കുര്യാക്കോസിനും ഉള്‍പ്പെടെയാണ് നേരത്തെ ജാമ്യം ലഭിച്ചത്. മുഖ്യപ്രതിയായ വയനാട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരുന്നത്.
