റിയാദിൽ ശക്തമായ സ്ഫോടനങ്ങള്‍; കേരളത്തില്‍ നിന്നും സൗദിയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Share our post

ഹൂതി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും സൗദിയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഇന്നും നാളെയും ശനിയാഴ്ചയും ഉള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് 5 മണിക്ക് പുറപ്പെട്ട വിമാനം രാത്രി 7.30ന് തിരിച്ചിറക്കി. ബെംഗളൂരുവില്‍ നിന്നുള്ളവയും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ സുരക്ഷാപ്രശ്നം തുടരുകയാണ്. 

സൗദി തലസ്ഥാനമായ റിയാദിൽ ഹൂതി വിമതരുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുകയാണ്. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും നഴ്സറി സ്കൂൾ ഉൾപ്പെടുന്ന സമുച്ചയത്തിലും മിസൈലുകൾ പതിച്ചു. സൗദിയിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും സമീപത്തെ നഴ്സറി സ്കൂളിലും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിലുമാണ് ഹൂതികളുടെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നഴ്സറി കെട്ടിടത്തിന് കേടുപാടുണ്ടായത്. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളും, യുഎഇയുടെ ഇത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയ വിമാനക്കമ്പനികളും റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാർ സർവീസുകൾ മുൻകൂട്ടി ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. 

ആക്രമണ ദൃശ്യങ്ങളും കിംവദന്തികളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകി. അതേസമയം എംബസിയും ജിദ്ദ കോൺസുലേറ്റും സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിമാനത്താവളങ്ങളും എണ്ണ പ്ലാന്റുകളും ആക്രമിക്കുമെന്നും ജീവനക്കാർ അവിടം വിട്ടുപോകണമെന്നും ഹൂതികൾ വീണ്ടും ഭീഷണി മുഴക്കി. ആക്രമണത്തെ യുഎഇയും കുവൈത്തും ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും രാജ്യത്തിന് പൂർണ പിന്തുണ നൽകുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!