മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയ പ്രതി ഒളിവിലെന്ന് പോലീസ്; കോൺഗ്രസുകാരനെന്ന് സിപിഎം

Share our post

പറവൂർ: അടിക്കടി വൈദ്യുതി തടസ്സം ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിക്കളഞ്ഞ് ഒരു പ്രദേശമാകെ ഇരുട്ടിലാക്കിയെന്ന വിവാദം പുതിയ തലങ്ങളിലേക്ക്. ഫ്യൂസ് ഊരിയ പ്രതി ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം.

കൈതാരം നോർത്ത് ട്രാൻസ്‌ഫോർമറിലെ ഫ്യൂസാണ് മൂന്നാഴ്ച മുൻപ് ഊരിക്കളഞ്ഞതായി പരാതി ഉയർന്നത്. ഫ്യൂസ് ഊരിയത് സംബന്ധിച്ച പരാതി കെ.എസ്.ഇ.ബി. തന്നെ പോലീസിൽ നൽകിയിരുന്നു. ഇതോടെ പോലീസ് അന്വേഷണത്തിൽ പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞിരുന്നു. കൈതാരം സ്വദേശിയാണ് ഇയാളെന്ന് കണ്ടെത്തി. പ്രദേശവാസിയായ ഒരു സ്ത്രീയുടെ മൊഴിയും പോലീസ് പരിഗണിച്ചു.

ഇതിൽ പറയുന്ന ആളെ കണ്ടെത്താൻ പോലീസ് വീട്ടിൽചെന്നെങ്കിലും പിടികൂടാനായില്ല. വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നുവത്രേ. ഇതേപോലെ ഫ്യൂസ് ഊരി മണിക്കൂറുകളോളം വൈദ്യതി തടസ്സപ്പെട്ട സംഭവം പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര ചാക്കാത്തറ ആവൂട്ടി ഭാഗങ്ങളിലുമുണ്ടായി. രാത്രി ഫ്യൂസ് ഊരി വൈദ്യുതി മുടക്കുന്ന സംഭവം നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലെ വ്യക്തി കോൺഗ്രസുകാരനാണെന്നാണ് സി.പി.എം. ഏരിയ സെക്രട്ടറി ടി.വി. നിഥിൻ ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിക്കളഞ്ഞ് വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നത് സി.പി.എം. ആണെന്ന തരത്തിൽ കോൺഗ്രസ് പ്രചാരണവും നടത്തിയിരുന്നു. അതിപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. പ്രതിസ്ഥാനത്ത് കോൺഗ്രസുകാരനാണെന്ന് അറിഞ്ഞതോടെ അയാളെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിയെ വ്യക്തമായിട്ടും എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്താത്തതും അറസ്റ്റ് വൈകുന്നതും ഇതുകൊണ്ടാണെന്നും നിഥിൻ ആരോപിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!