മൂന്ന് മയക്കുവെടി, കുങ്കിയാനകൾ; കണ്ണൂർ മഖ്ന ഒടുവിൽ പിടിയിൽ

Share our post

ഇരിട്ടി : ആറളം ഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി ഭീതി സൃഷ്ടിക്കുന്ന മോഴയാനയെ പിടികൂടാനുള്ള ദൗത്യം വിജയം. ഇന്നലെ ആരംഭിച്ച ദൗത്യം രണ്ടാം ദിവസമാണ് വിജയിച്ചത്. ഇന്നലെ അനുകൂല സാഹചര്യം ലഭിക്കാത്തതിനാൽ മയക്കുവെടി വച്ചിരുന്നില്ല. അതേസമയം ഇന്ന് മൂന്ന് റൗണ്ട് മയക്കുവെടി വച്ചിട്ടും ആന മയങ്ങാതെ പ്രകോപനം സൃഷ്ടിച്ചതാണ് ദൗത്യം നീട്ടിയത്. കനത്ത മഴയെ തുടർന്ന് ഇടയ്ക്ക് ദൗത്യം ഇന്ന് പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയും ഉയർന്നിരുന്നു. ഇന്നുതന്നെ വയനാട്ടിലേക്കു കൊണ്ടുപോകും.

നിലവിൽ മഖ്നയെയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റിയിരിക്കുകയാണ്. മയക്കുവെടിയേറ്റ് ആന നിന്ന സ്ഥലത്തേക്ക് വഴി തെളിച്ചാണ് ആംബുലൻസ് എത്തിച്ചത്. കണ്ണൂർ ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ നിലയുറപ്പിച്ച കണ്ണൂർ മഖ്നയെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആദ്യം വെടിവച്ചത്. വെടിയേറ്റ ഉടൻ ആന പ്രകോപിതനായി. കനത്ത വെയിലും പിന്നീട് കനത്ത മഴയും ദൗത്യത്തിനു വെല്ലുവിളിയായി.

കണ്ണൂർ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ‘ഓപ്പറേഷൻ കെഎം-1’ കഴിഞ്ഞ ദിവസം വിജയിച്ചിരുന്നില്ല. ഇന്നലെ പുലർച്ചെ ഫാമിലെ ബ്ലോക്ക് 10 ജലനിധി ഭാഗത്ത് മോഴയെ കണ്ടെത്തിയെങ്കിലും സുരക്ഷിതമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനാകാത്തതിനാലാണ് മയക്കുവെടി വയ്ക്കാൻ കഴിയാതിരുന്നത്. എന്നാൽ ഇന്ന് അനുകൂല സാഹചര്യത്തിൽ ആന എത്തിയതോടെയാണ് മയക്കുവെടി വച്ചത്. കനത്ത ചൂടും ആനയുടെ പ്രത്യാക്രമണ സൂചനയുമാണ് ദൗത്യം നീളാൻ കാരണം.

കഴിഞ്ഞ ദിവസം മോഴയ്ക്കൊപ്പം കല്ലേരിക്കൊമ്പനും ഒരു പിടിയാനയും ഒപ്പമുണ്ടായിരുന്നു. ഇതും ദൗത്യം ഇന്നത്തേക്ക് മാറ്റിവയ്ക്കാൻ നിർബന്ധിതമാക്കി. ഓപ്പറേഷന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ 6, 7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ജില്ലാ കലക്ടർ ബിഎൻഎസ് സെക്‌ഷൻ 163(1) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തു പൊതുജനങ്ങൾ ഒത്തുചേരുന്നതിനും കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്.

∙ 3 കുങ്കിയാനകൾ, 100 അംഗ ദൗത്യസംഘം കണ്ണൂർ മഖ്നയെന്നു പേരിട്ട മോഴയാനയെ മയക്കുവെടി വച്ചു നിയന്ത്രിച്ചു സുരക്ഷിതമായി വാഹനത്തിലും തുടർന്നു ആനക്കൊട്ടിലിലേക്കും മാറ്റാൻ വയനാട് മുത്തങ്ങയിൽ നിന്നെത്തിയ വിക്രം, ഭരത്, ഉണ്ണിക്കൃഷ്ണൻ എന്നീ 3 കുങ്കിയാനകളും ആറളത്ത് സജ്ജമാണ്. കണ്ണൂർ ഡിഎഫ്ഒ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റേഞ്ചർ ടി.നിതിൻരാജ്, കണ്ണവം റേഞ്ചർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് ഓപ്പറേഷൻ കെഎം–1 ദൗത്യസംഘത്തിലുള്ളത്. ഇവർ ആറളത്ത് ക്യാംപ് ചെയ്യുകയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!