അഞ്ച് വർഷം മുൻപ് 55 രൂപ, ഇപ്പോൾ 101; ഇന്ധനവിലയിലെ മെച്ചം പ്രതീക്ഷിച്ച് സിഎൻജിയിലേക്ക് മാറി; ‘കുടുങ്ങി’ ഓട്ടോത്തൊഴിലാളികൾ

Share our post

കണ്ണൂർ : സിഎൻജി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥ ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്നതുപോലെയാണ്. സിഎൻജി വില വർധനയാണ് തിരിച്ചടിയായത്. പെട്രോൾ– ഡീസൽ വില വർധനയിൽ പിടിച്ചുനിൽക്കാനാകാതെ വന്നതോടെയാണ് പലരും സിഎൻജിയിലേക്കു മാറിയത്. അഞ്ച് വർഷം മുൻപ് സിഎൻജിക്ക് കിലോയ്ക്ക് 55 രൂപയുണ്ടായിടത്ത് ഇപ്പോൾ 101 രൂപയാണ്. പെട്രോൾ –ഡീസൽ വിലയ്ക്ക് സമാനമായി സിഎൻജി വിലയും കൂടിയതോടെ, ഇന്ധനവിലയിലെ മെച്ചം പ്രതീക്ഷിച്ച് സിഎൻജിയിലേക്ക് മാറിയ ഓട്ടോത്തൊഴിലാളികൾ കഷ്ടത്തിലായി. ഇടയ്ക്കിടെ അറ്റകുറ്റപ്പണിക്കു വലിയ ചെലവ് വരുന്നതും സിഎൻജി ഓട്ടോത്തൊഴിലാളികൾക്ക് ഇരുട്ടടിയാണ്.

കടമെടുത്ത് കുടുങ്ങി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണു ജില്ലയിൽ സിഎൻജി ഓട്ടോറിക്ഷകൾ കാര്യമായി നിരത്തിലിറങ്ങാൻ തുടങ്ങിയത്. ഡീസൽ ഓട്ടോറിക്ഷയ്ക്ക് 3 ലക്ഷം രൂപ വരുമ്പോൾ, മൂന്നര ലക്ഷം രൂപയാണ് സിഎൻജി ഓട്ടോറിക്ഷയ്ക്ക് വില. 4 കിലോയാണ്‌ ഒരു ഓട്ടോറിക്ഷയുടെ ടാങ്ക്‌ കപ്പാസിറ്റി. ഒരു കിലോ സിഎൻജി കൊണ്ട് 30 കിലോമീറ്റർ ഓടാനാകും. പലരും കടമെടുത്തും സ്വർണം പണയം വച്ചുമാണ് സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യ ഘട്ടത്തിൽ സിഎൻജി കിട്ടാത്ത പ്രതിസന്ധിയായിരുന്നെങ്കിൽ പിന്നീടത് നീങ്ങി. പെട്രോളിന് ലീറ്ററിന് 90 രൂപയായിരിക്കേ സിഎൻജിക്ക് 53 രൂപയായിരുന്നു കിലോയ്ക്ക് വില. ഇതിനിടെ സിഎൻജിയുടെ വില വർധിച്ചുതുടങ്ങി. ഇന്ധനവിലയിലെ വലിയ മാറ്റം കണ്ടാണ് പലരും സിഎൻജിയിലേക്കു മാറിയത്.

ഡീസൽ– പെട്രോൾ ഓട്ടോറിക്ഷ ഒഴിവാക്കി സിഎൻജി ഓട്ടോറിക്ഷയിലേക്ക് മാറിയതിന്റെ ഗുണം ഇപ്പോൾ ലഭിക്കുന്നില്ല. സിഎൻജിയുടെ വില വർധിച്ചതോടെ പലരും വാഹനം ഒഴിവാക്കാൻ നിർബന്ധിതരാകുകയാണ്. കടമെടുത്ത് സിഎൻജി ഓട്ടോറിക്ഷ വാങ്ങിയവർ പെരുവഴിയിലായി.

അറ്റകുറ്റപ്പണിക്ക് കുരുക്ക്
മെയിന്റനൻസ് ചെലവ് വലുതാണെന്ന് സിഎൻജി ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. സ്പെയർ പാർട്സിന് വലിയ തുകയാണ്. സർവീസിന് കമ്പനിയെ തന്നെ ആശ്രയിക്കണം. സർവീസിന് കൊടുത്താൽ തിരികെ കിട്ടാൻ നാളേറെ വേണം. ലേബർ ചാർജും കൂടുതലാണ്. 3 വർഷം കൂടുമ്പോൾ സിഎൻജി ടാങ്ക് പരിശോധന നടത്തി അനുമതി പത്രം വാങ്ങണം. എങ്കിൽ മാത്രമേ ഓട്ടോറിക്ഷയ്ക്ക് നിരത്തിലിറങ്ങാൻ അനുവാദമുള്ളൂ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!