‘ഓന് താല്‍പര്യമില്ലെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞു, എന്നെ യൂസ് ചെയ്ത് ഒഴിവാക്കി’ ; കീര്‍ത്തനയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Share our post

കണ്ണൂര്‍: തില്ലങ്കേരിയിലെ 20കാരി കീര്‍ത്തനയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതിനു പിന്നാലെയാണ് നീക്കം. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയതിനു ശേഷമാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണോയെന്ന് തീരുമാനിക്കുക.

ഏപ്രില്‍ 30നാണ് മംഗളൂരുവില്‍ വിദ്യാര്‍ഥിനിയായിരുന്ന കീര്‍ത്തന ജീവനൊടുക്കിയത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കീർത്തന ജീവനൊടുക്കിയതെന്നും ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു എന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ ആദിദേവുമായി പ്ലസ്‌വണ്‍ കാലം മുതല്‍ കീര്‍ത്തന പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടിയുമായി ആദിദേവ് പ്രണയത്തിലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നുമാണ് കുടുംബം പറയുന്നത്. മരിക്കും മുന്‍പ് കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ് ആപ്പ് സന്ദേശമാണ് കുടുംബവും തെളിവായി ഉയർത്തിയത്.

തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ച പോലെയായെന്നും താനുമായുള്ള ബന്ധത്തിന് ഇനി താല്‍പര്യമില്ലെന്ന് ആദിദേവ് തന്റെ മുഖത്തു നോക്കി പറഞ്ഞെന്നും കീര്‍ത്തന കൂട്ടുകാരിക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്, ആദിയില്ലാതെ ജീവിക്കാനാകില്ലെന്നും കീര്‍ത്തന സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ആദ്യം കേസ് അന്വേഷിച്ച പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. 

തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ആദിദേവ് മുൻകൂർ ജാമ്യവും നേടിയിരുന്നു. എന്നാല്‍ കണ്ണൂരിലെ പൊലീസുകാരന്റെ മകനായ ആദിദേവിനെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിരുന്നില്ല. ഒടുവില്‍ കീർത്തന മരിച്ച് മൂന്ന് മാസമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഇല്ലാതായതോടെയാണ് കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്. പൊലീസുകാരന്റെ മകനായതിനാലാണ് ആദിദേവിന് സംരക്ഷണം ലഭിക്കുന്നതെന്നാണ് കുടുംബം ഉന്നയിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!