’20 പവന് നഷ്ടമായെന്ന് പറഞ്ഞിരുന്നു, തട്ടിപ്പ് മനസിലായത് വ്യാജ സ്വര്‍ണം നല്കിയപ്പോള്’; അഞ്ചുവിന്റെ ഭർത്താവ്
തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണം പണയം വെച്ച് നല്‍കാം എന്ന് വാക്ക് നല്‍കിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭര്‍ത്താവ് വിഷ്ണു. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വര്‍ണ്ണം പണയം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പകരം വ്യാജ സ്വര്‍ണമാണ് നല്‍കിയത്. ഇതോടെയാണ് തട്ടിപ്പ് മനസിലായതെന്നും 20 പവനോളം നഷ്ടമായി എന്ന് അഞ്ചു പറഞ്ഞിരുന്നു എന്നും വിഷ്ണു പറഞ്ഞു. പലവട്ടം സിന്ധുവിന്റെ വീട്ടില്‍ പോയി നഷ്ടപ്പെട്ട സ്വര്‍ണം നല്‍കണമെന്ന് അഞ്ചുവും ഐശ്വര്യയും ആവശ്യപ്പെട്ടിടുണ്ടെന്നും വിഷ്ണു പറഞ്ഞു.
‘തട്ടിപ്പിന് ഇരയായെന്ന് അഞ്ചു പറഞ്ഞിരുന്നു. ഫിനാന്‍സില്‍ വന്ന് കണ്ട് പരിചയപ്പെട്ടാണ് സിന്ധു തട്ടിപ്പിനിരയാക്കിയത്. കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണം പണയം വെച്ച് നല്‍കാം എന്ന് വാക്ക് നല്കി ആണ് സ്വര്‍ണം വാങ്ങിയത്. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വര്‍ണം പണയം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തിരിച്ചുനല്‍കിയില്ല. പകരം വ്യാജ സ്വര്‍ണം നല്കി. ഇതോടെ ആണ് തട്ടിപ്പ് മനസിലായത്. സ്വര്‍ണം എല്ലാം നല്കിയ ശേഷമാണ് സിന്ധു തട്ടിപ്പുകാരിയാണ് എന്ന് അറിഞ്ഞത്. പലതരത്തിലും ബാധ്യതകള്‍ തീര്‍ക്കാന്‍ അഞ്ചുവും ഐശ്വര്യയും ശ്രമിച്ചു. പലവട്ടം സിന്ധുവിന്റെ വീട്ടില്‍ പോയി നഷ്ടപ്പെട്ട സ്വര്‍ണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം തന്നിട്ടുണ്ടെന്ന് തെളിവ് നല്‍കാനാണ് ആവശ്യപ്പെട്ടത്. അവര്‍ വിഷം കഴിച്ച കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു’, വിഷ്ണു പറഞ്ഞു.
സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരി ഐശ്വര്യയും ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂണ്‍ 30നാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ജോലി ചെയ്യുന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നും ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവന് സ്വര്‍ണം എടുത്തുനല്‍കുകയായിരുന്നു. പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതിനകം യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. അഞ്ജുവില്‍ നിന്നും 20 പവനും ഐശ്വര്യയില്‍ നിന്നും 50 പവന് സ്വര്‍ണവുമാണ് സിന്ധു കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ഐശ്വര്യയും അഞ്ജുവും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പേര് പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധു നേരത്തെയും നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണെന്നാണ് വിവരം.
