ശേഷാദ്രിനാഥന്റെ നിയമനം: ‘പാർട്ടിക്കകത്ത് പറയേണ്ടത് പാർട്ടിക്കകത്ത് പറയണം’; നിയാസിനെ തള്ളി സണ്ണിജോസഫ്

Share our post

കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ രംഗത്തുവന്ന പി.എം. നിയാസിനെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക് അകത്ത് പറയണമെന്നും നിയാസ് നടത്തിയ പരസ്യ പ്രതികരണത്തോട് തനിക്ക് യോജിപ്പില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശേഷാദ്രിനാഥൻ സംഘപരിവാറുകാരനാണ് എന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയായ പി.എം. നിയാസിന്റെ വിമർശനം. 15 വർഷമായി ശേഷാദ്രിനാഥൻ സംഘപരിവാർ ബന്ധമുള്ളയാളാണ് എന്നാണ് നിയാസ് പറയുന്നത്. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കണ്ട് അദ്ദേഹം പരാതി അയറിയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി കാണാൻ സമയം അനുവദിച്ചിരുന്നില്ല.

ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ ഇടപെടലുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തലയ്ക്ക് നിയാസ് കത്തുനൽകിയത്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്കെല്ലാം പരാതിനൽകിയിട്ടുണ്ട്.

അതേസമയം, ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ കഴിഞ്ഞദിവസം അംഗീകരിച്ചു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയത്. കെപിസിസിയോടുപോലും ആലോചിക്കാതെ മുഖ്യമന്ത്രിയുടെ മാത്രം താത്പര്യപ്രകാരമാണ് അദ്ദേഹത്തെ നിയമിച്ചതെന്ന ആരോപണവും ശക്തമാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!