മഴക്കാലത്ത് പച്ചപ്പണിഞ്ഞ തുഷാരഗിരിക്ക് ചുവപ്പഴകായി മൂട്ടിപ്പുളി; സഞ്ചാരികളുടെ ശ്രദ്ധ കവർന്ന് അപൂർവ പഴം
കോഴിക്കോട്: മഴക്കാലത്ത് പച്ചപ്പിൽ മുങ്ങി നിൽക്കുന്ന തുഷാരഗിരിയുടെ പ്രകൃതി സൗന്ദര്യത്തിന് കൂടുതൽ മിഴിവേകുകയാണ് ചുവന്ന നിറത്തിൽ കായ്ച്ചുനിൽക്കുന്ന മൂട്ടിപ്പുളി. തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലുമായി നിറഞ്ഞുനിൽക്കുന്ന ഈ അപൂർവ പഴം സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
മഴക്കാലം ആരംഭിക്കുന്ന സമയത്താണ് മൂട്ടിപ്പുളി കൂടുതലായി കായ്ക്കുന്നത്. കടുംചുവപ്പും ഓറഞ്ച് നിറവും കലർന്ന പഴങ്ങൾക്ക് കട്ടിയുള്ള പുറംതോടും അതിനുള്ളിൽ മൂന്ന് അല്ലികളുമാണുള്ളത്. മധുരവും പുളിയും കലർന്ന വ്യത്യസ്തമായ രുചിയാണ് മൂട്ടിപ്പുളിയുടെ പ്രത്യേകത. അച്ചാർ, വൈൻ എന്നിവ തയ്യാറാക്കാനും മൂട്ടിപ്പുളി ഉപയോഗിക്കാറുണ്ട്. നിരവധി ഔഷധഗുണങ്ങളും ഈ പഴത്തിനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കൊക്കോ, ജാതി മരങ്ങൾക്കിടയിൽ നിൽക്കുന്ന പുളിമരങ്ങളിൽ ഇത്തവണയും ധാരാളം കായ്ഫലം ലഭിച്ചിട്ടുണ്ട്. മൂട്ടിപ്പുളി വിൽക്കാറില്ലെന്നും പ്രദേശത്തെ കുട്ടികൾക്ക് നൽകുകയാണ് പതിവെന്നും കർഷകനായ ജോസ് പറയുന്നു. ഏകദേശം ഒന്നര വർഷം കൊണ്ടാണ് ഇവ കായ്ക്കുന്നത്. വനപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഈ ചെടി കാണാനായി നിരവധി സഞ്ചാരികളും എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
