സൂര്യാഘാതം: ലക്ഷണങ്ങൾ അവഗണിക്കരുത്; ഈ പ്രഥമശുശ്രൂഷകൾ ശീലിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വെയിലത്ത് ജോലി ചെയ്യുന്നവർക്കും യാത്രക്കാർക്കും പെട്ടെന്ന് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ പ്രഥമശുശ്രൂഷ നൽകിയാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം.
ലക്ഷണങ്ങൾ ഇവയാണ്:
- കഠിനമായ തലവേദന: പെട്ടെന്നുണ്ടാകുന്നതും മാറാത്തതുമായ തലവേദന.
- ദ്രുതഗതിയിലുള്ള പൾസ്: ഹൃദയമിടിപ്പ് അസാധാരണമാം വിധം വർധിക്കുക.
- ചർമ്മത്തിലെ മാറ്റം: ചുവന്ന നിറത്തിലുള്ള, ചൂടുള്ളതും വരണ്ടതുമായ ചർമ്മം.
- പേശിവലിവ്: ശരീരത്തുണ്ടാകുന്ന ശക്തമായ പേശിവലിവ്.
- അസ്വസ്ഥതകൾ: ഓക്കാനം, ഛർദ്ദി, അമിതമായ വിറയൽ.
- ബോധക്ഷയം: തലകറക്കവും ബോധമില്ലായ്മയും.
സൂര്യാഘാതത്തിനുള്ള പ്രഥമശുശ്രൂഷ
സൂര്യാഘാതം ഏറ്റ ഒരാളെ കണ്ടാൽ ഉടൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക
- സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക: രോഗിയെ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുകയോ കാറ്റുള്ള ഇടത്ത് കിടത്തുകയോ ചെയ്യുക.
- അടിയന്തര സേവനം: ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയോ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യുക.
- പാദങ്ങൾ ഉയർത്തുക: പാദങ്ങൾ അല്പം ഉയർത്തി വെക്കുക.
- തണുത്ത വെള്ളം നൽകുക: കുടിക്കാൻ തണുത്ത വെള്ളം നൽകുക.
- വസ്ത്രങ്ങൾ അയച്ചിടുക: ശരീരത്തിന് വായുസഞ്ചാരം ലഭിക്കാനായി മുറുക്കമുള്ള വസ്ത്രങ്ങൾ അയച്ചിടുക.
- ശരീരം തണുപ്പിക്കുക: തണുത്ത വെള്ളം ഉപയോഗിച്ച് ശരീരത്തിൽ സ്പ്രേ ചെയ്യുകയോ നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുകയോ ചെയ്യുക.
- ഫാൻ ഉപയോഗിക്കുക: കാറ്റ് ലഭിക്കാനായി ഫാൻ ഉപയോഗിക്കുക.
- കംപ്രസ് പ്രയോഗിക്കുക: കക്ഷങ്ങൾ, കൈത്തണ്ട, കണങ്കാൽ, ഞരമ്പുകൾ എന്നിവിടങ്ങളിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഐസ് പാക്കോ വെക്കുക.
