പുറത്ത് 38 ഡിഗ്രി; പക്ഷേ ശരീരം അനുഭവിക്കുന്നത് 50 ഡിഗ്രി വരെ: മുറിക്കുള്ളിലും താപാഘാതമോ?
കൊച്ചി∙ സംസ്ഥാനത്ത് കൊടുംചൂട്. താപസൂചിക നാളെ കൂടി ഉയർന്ന നിലയിലായിരിക്കും. ചൂട് 38 ഡിഗ്രി സെൽഷ്യസും ഈർപ്പം 40–50 ശതമാനവും ആയതോടെ അനുഭവപ്പെടുന്ന ചൂട് 48–50 ഡിഗ്രി സെൽഷ്യസ് ആയി വർധിച്ചു. നമ്മുടെ ശരീരം അനുഭവിക്കുന്നത് ഈ ചൂടാണെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്.അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. അൾട്രാ വയലറ്റ് സൂചികയും ഉയർന്നു നിൽക്കുന്ന സമയമാണ് ഇതെന്നും അതുകൊണ്ടു തന്നെ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘‘ഇങ്ങനെ അന്തരീക്ഷ ഊഷ്മാവിനൊപ്പം ഹ്യുമിഡിറ്റിയും കൂടി കണക്കാക്കുന്നതാണ് താപസൂചിക (Heat index). അത് സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന തോതിലാണ്. അന്തരീക്ഷത്തില് ഹ്യുമിഡിറ്റി കൂടുന്നതോടെ ശരീരത്തിൽനിന്ന് താപം നഷ്ടപ്പെടുന്നതിന്റെ അളവ് കുറയും. ശരീരത്തിൽനിന്ന് താപം ബാഷ്പീകരിച്ചു പോവുമ്പോഴാണു നമുക്ക് ശരീരം തണുക്കുന്നത്. എന്നാൽ താപസൂചിക കൂടി നിൽക്കുന്ന സമയത്ത് ശരീരത്തിൽ താപം പുറത്തു പോകുന്നതിന്റെ അളവു കുറയും. ഈ സമയത്താണ് താപാഘാതം (Heat stress) ഉണ്ടാവുന്നത്. ഇത് മുറിക്കുള്ളിൽ ഇരുന്നാൽ പോലും ഉണ്ടാകാം. അതുകൊണ്ട് നിർജലീകരണം ഉണ്ടാകാതെ നോക്കുകയാണ് പ്രധാനം.’’ – ഡോ. അഭിലാഷ് വ്യക്തമാക്കി.
കേരളത്തിലെ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഇന്നും നാളെയും താപസൂചിക ഉയർന്നുതന്നെയാണ്. അതോടൊപ്പം, മാർച്ച് 23 മുതൽ ഏപ്രിൽ പകുതി വരെ സൂര്യൻ നേരെ തലയ്ക്കു മുകളിൽ വരുന്നതുകൊണ്ട് പ്രകാശരശ്മികൾ കുത്തനെയായിരിക്കും പതിക്കുക. ഈ സമയത്ത് യുവി ഇൻഡക്സും (അൾട്രാവയലറ്റ് സൂചിക) കൂടുതലായിരിക്കുമെന്ന് ഡോ. അഭിലാഷ് വ്യക്തമാക്കുന്നു. താപസൂചിക കുറവാണെങ്കിലും ഇടുക്കിയിലും വയനാട്ടിലും യുവി സൂചിക മറ്റുള്ള ഇടങ്ങളിലേതു പോലെ ആയിരിക്കുമെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി. മേഘങ്ങളോ മറ്റ് തടസങ്ങളോ ഒന്നുമില്ലാത്ത സാഹചര്യത്തിൽ യുവി സൂചിക എട്ടിനു മുകളിലൊക്കെ പോകാം. രാവിലെ 11.30 മുതൽ ഉച്ച കഴിഞ്ഞ് 2.30 വരെയായിരിക്കും ഇത് കൂടുതൽ ഏൽക്കേണ്ടി വരുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുകയാവും ഉചിതം.
