നിയമലംഘനമെന്ന് വരുത്താൻ കോടതിയിൽപോയി; നല്ല ഭരണമെന്ന് കോടതിയെക്കൊണ്ട് പറയിച്ചു
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളിൽനിന്നും തിരിച്ചടി ഏറ്റുവാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ജീവനക്കാർക്ക് സർക്കാർ ഡി എ സന്ദേശം അയച്ചത് നിയമലംഘനമാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളിയത് ഈ തിരിച്ചടികളിൽ ഒടുവിലത്തേതാണ്.
ഡി എ സന്ദേശം സർക്കാർ അയച്ചതിന് വലിയ കോലാഹലങ്ങളായിരുന്നു വലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷം നടത്തിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടർച്ചയായി വാർത്താസമ്മേളനങ്ങൾ നടത്തിയും പുതിയ കണ്ടെത്തലെന്ന പോലെ രേഖകൾ ഉയർത്തിയും മാധ്യമശ്രദ്ധനേടാൻ തിടുക്കംകാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഇമേജ് വർധിപ്പിക്കാൻ കോടിക്കണക്കിന് എസ്എംഎസ് അയക്കുമ്പോൾ ഒരുവാക്ക് പോലും പറയാത്ത പ്രതിപക്ഷം, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിയമപരമായിത്തന്നെ സന്ദേശമയച്ചതിനെ അത് മഹാ അപരാധമെന്ന് ചിത്രീകരിച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പക്ഷേ വിമർശനമൊന്നും വകവെക്കാതെയാണ് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ സന്ദേശം അയക്കുന്നത് നിയമലംഘനമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, എല്ലാ കുപ്രചാരകർക്കും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽനിന്ന് ലഭിച്ചത്. ജീവനക്കാർക്ക് ഡി എ സന്ദേശം അയച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ യാതൊരു നിയമവിരുദ്ധതയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നല്ല ഭരണനിർവഹണത്തിന്റെ ഭാഗമാണ് സന്ദേശം അയച്ചതെന്നും വിവര ചോർച്ച ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. വിവര ചോർച്ച ആരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ച ഹർജി തള്ളി.
ഡി എ സന്ദേശം സ്വകാര്യതയുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി മുഖവിലയ്ക്കെടുത്തേയില്ല. ശമ്പള സന്ദേശത്തിന്റെ ഭാഗമാണ് ഡി എ സന്ദേശവുമെന്ന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും കോടതി വിലയിരുത്തി.
സന്ദേശങ്ങൾ അയക്കുന്നതിൽ പൂർണമായ നിയന്ത്രണം ഐടി മിഷനാണെന്നും ഇതിൽ മറ്റ് ഏജൻസികൾക്ക് പങ്കില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭരണപരമായ ആശയവിനിമയം മാത്രമാണ് നടത്തിയതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭരണത്തലവനെന്ന നിലയിലാണ് മുഖ്യമന്ത്രി വാട്സാപ് സന്ദേശമയച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സമാന്തര ഡാറ്റാബേസ് സൂക്ഷിക്കുന്നില്ല. ജീവനക്കാരുടെ വിവരമൊന്നും ചോർന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങളിൽ നിയമസഭയിൽ നൽകിയ വാക്കുപാലിച്ചതോടെ ജീവനക്കാർക്ക് പ്രചോദനമെന്ന നിലയിലാണ് സന്ദേശമയച്ചത്. മെറ്റയുടെ സ്വകാര്യതാ നയംകൂടി പാലിച്ചാണ് സന്ദേശങ്ങളയച്ചതെന്ന് ഐടി വകുപ്പ് അഡീഷണൽ സെക്രട്ടറി എം രാജേഷ് കുമാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു.
