സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം
തലശ്ശേരി ∙ സുഹൃത്തിനെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും. മാലൂർ ശിവപുരത്തെ ഓട്ടോറിക്ഷാ ഡ്രൈവർ വടക്കയിൽ എം. ഷിനോജിനെയാണ് (41) ശിക്ഷിച്ചത്. സുഹൃത്തായ ശിവപുരം കരിവള്ളൂരിലെ പിറ്റത്തിൽ പി.കെ.ദിജിലാണ് (32) കൊല്ലപ്പെട്ടത്.
ദിജിലിന്റെ ഭാര്യയുമായി ഷിനോജിന് ബന്ധമുണ്ടായിരുന്നു. വിദേശത്ത് ജോലി ഉപേക്ഷിച്ച് ഷിനോജ് നാട്ടിൽ എത്തി സ്ഥിര താമസമാക്കാൻ തീരുമാനിച്ചതോടെയാണ് കൊലപാതകത്തിൽ കലാശിച്ച്. ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2020 ഫെബ്രുവരി ഒന്നിനാണ് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ലാ ഗവ. പ്ലീഡർ കെ.രൂപേഷ് ഹാജരായി.
