സമരത്തിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പിൽ നിന്ന് വയോധികയെ ഒഴിവാക്കിയതായി പരാതി
പേരാവൂർ: എൻആർഇജി വർക്കേഴ്സ് യൂണിയൻ കണ്ണൂരിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതായി പരാതി. പേരാവൂർ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മയെ (70) കൂടെ തൊഴിലെടുക്കുന്നവരെല്ലാം ചേർന്ന് ഒഴിവാക്കിയെന്നാണ് പരാതി ഉയർന്നത്.
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ വ്യാഴാഴ്ചയാണ് ധർണ നടത്തിയത്. ഈ സമരത്തിൽ പങ്കെടുക്കാതിരുന്ന ലക്ഷ്മിയമ്മയെ വെള്ളിയാഴ്ചത്തെ തൊഴിലുറപ്പിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് പരാതി. സമരത്തിൽ പങ്കെടുക്കാത്തതിനാൽ ഒരു ദിവസത്തെ പണി ഇല്ലെന്ന് തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ് പറഞ്ഞെന്നാണ് ലക്ഷ്മിയമ്മ പറയുന്നത്.
49-ഓളം ആളുകൾ തൊഴിലെടുക്കുന്നിടത്ത് അവസാന ദിവസമാണ് ലക്ഷ്മിയമ്മ എത്തിയതെന്ന് മേറ്റ് വിജി പറഞ്ഞു. 42 ആളുകൾക്കാണ് അന്നേദിവസം തൊഴിൽ നൽകാൻ കഴിയുമായിരുന്നുള്ളൂവെന്നുംസമരത്തിൽ പങ്കെടുത്തവർക്ക് മാത്രംഅന്നേദിവസം തൊഴിൽ നൽകിയാൽ മതി എന്നു തീരുമാനിച്ചത് എല്ലാ തൊഴിലാളികളും കൂടിയാണെന്നും ഇത് ലക്ഷ്മിയമ്മയോട് പറയുക മാത്രമാണ് താൻ ചെയ്തതെന്നുംമേറ്റ് വിജി പറഞ്ഞു.
