ഇറാൻ സംഘര്‍ഷം പടരുന്നു; ആശങ്ക ഇന്ത്യയിലെ ബസുമതി കര്‍ഷകരിലേക്കും
ഇറാനിലെ ആഭ്യന്തര കലാപം രൂക്ഷമായി തുടരുമ്പോൾ നെഞ്ചിടിപ്പുമായി രാജ്യത്തെ നെൽ കര്‍ഷകര്‍. സംഘര്‍ഷ സാഹചര്യങ്ങൾ രാജ്യത്തുനിന്നുള്ള ബസുമതി അരി കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി ഇന്ത്യൻ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് ഫെഡറേഷൻ (ഐആർഇഎഫ്)മുന്നറിയിപ്പ് നൽകി.വിവിധയിനം ബസുമതി അരിയുടെ വിലയിൽ രാജ്യത്തെ ചില്ലറ വിപണിയിൽ അഞ്ച് രൂപവരെ വിലക്കുറവ് പ്രതിഫലിക്കുന്നു.
ഇറാൻ ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി കയറ്റുമതി ലക്ഷ്യസ്ഥാനമാണ്. 2025-26സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മാത്രം ഇന്ത്യ ഇറാനിലേക്ക് 5.99ലക്ഷം ടൺ ബസുമതി കയറ്റിയയച്ചിരുന്നു.
1121ഇനത്തിൽപ്പെട്ട ബസുമതി അരിയുടെ ആഭ്യന്തര വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 85രൂപയിൽ നിന്ന് 80രൂപയായി കുറഞ്ഞു. 1509, 1718 ഇനങ്ങൾ കിലോയ്ക്ക് 70രൂപയിൽ നിന്ന് 65രൂപയായി കുറഞ്ഞു.
ഇറാൻ വഴിയുള്ള കയറ്റുമതിയിൽ സംഭവിക്കാൻ സാധ്യതയുള്ള ദീർഘകാല മാന്ദ്യം വലിയ തിരിച്ചടി തീര്‍ക്കും. മറികടക്കാൻ പശ്ചിമേഷ്യ,ആഫ്രിക്ക,യൂറോപ്പ് എന്നിവിടങ്ങളിലെ ബദൽ വിപണികൾ കണ്ടെത്തേണ്ട സാഹചര്യമാണ്.എന്നാൽ മാറിയ ആഗോള സന്ദര്‍ഭത്തിൽ ഇത് എളുപ്പമല്ല.
ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് 25ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് സൂചിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഭീഷണി മുന്നോട്ട് വെച്ചിട്ടുണ്ട്. ട്രംപിന്റെ സമീപകാല പ്രസ്താവനകൾ ആശങ്കയിൽ തീ പകരുന്നതാണ്.നിലവിലെ പ്രതികാര നികുതി തന്നെയും കര്‍ഷകരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
യുഎസിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതി ഇതിനകം 50ശതമാനം താരിഫിന് വിധേയമാണെന്ന് ഐആർഇഎഫ് വ്യക്തമാക്കുന്നു.മുമ്പത്തെ 10ശതമാം എന്നതിൽ നിന്നാണ് അമ്പതിൽ എത്തിയത്.
ആഗോളതലത്തിൽ ഇന്ത്യൻ അരിയുടെ പത്താമത്തെ വലിയ വിപണിയും ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയുമാണ് യുഎസ്.
“നിലവിലുള്ള 50ശതമാനം തീരുവയ്ക്ക് പുറമേ നിർദ്ദിഷ്ട 25ശതമാനം താരിഫ് ചുമത്തുമോ എന്ന കാര്യത്തിൽ വ്യക്തത പരിമിതമാണ്,”എന്നാൽ ഇവയെല്ലാം ചേര്‍ന്ന് ഉണ്ടാക്കാവുന്ന തിരിച്ചടി മാരകമാവും. ഇറാനും യു എസും ഒരേ പോലെ കയറ്റുമതി സാധ്യതകൾക്ക് പുറത്താവുന്ന സാഹചര്യമാവും.
ഈ വർഷം ആദ്യം കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ വടക്കൻ സംസ്ഥാനങ്ങളിലാണ് ബസുമതി അരി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
ഇറാനിലെ പ്രതിഷേധങ്ങളിൽ ഇതിനോടകം തന്നെ ഏകദേശം 600-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകർക്കെതിരെ ഇറാൻ ഭരണകൂടം മാരകമായ ബലപ്രയോഗം തുടർന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ഇപ്പോൾ ആ ചുവപ്പ് രേഖ മറികടക്കുകയാണെന്നും അതിനാൽ സൈനിക നീക്കം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയ്ക്ക് പുറമെ ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന, ബ്രസീൽ, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളെയും പ്രശ്നം സാരമായി ബാധിക്കും.
