ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യൽ.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ക്ഷേത്രത്തിലെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ മൊഴി നൽകിയിരുന്നു. ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്ഞയും നൽകുകയാണു ചെയ്തത്.
ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവര് എസ്ഐടിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പരാമർശത്തോട്, ‘ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്, അതെങ്ങനെ എനിക്കറിയാം’ എന്ന മറുപടിയാണു രാജീവര് നൽകിയത്. തന്ത്രി കണ്ഠര് മോഹനരും നേരത്തെ മൊഴി നൽകിയിരുന്നു.
