ഊട്ടിയിൽ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ നില ഗുരുതരം, ഡ്രൈവർക്കെതിരെ കേസെടുത്തു
നീലഗിരി: നീലഗിരി ഊട്ടിയിൽ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ബുധനാഴ്ച നീലഗിരിയിലെ മണിഹട്ടിക്ക് സമീപം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഉദഗമണ്ഡലത്തിൽ നിന്ന് തങ്കാടിലേക്ക് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. 12 സ്ത്രീകളും 17 പുരുഷന്മാരും മൂന്ന് കുട്ടികളും ഉൾപ്പെടെ 32 യാത്രക്കാർ ബസിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബസ് റോഡിൽ നിന്ന് മറിഞ്ഞ് മണിഹട്ടിക്ക് സമീപമുള്ള ഒരു സ്വകാര്യ കൃഷിയിടത്തിൽ തലകീഴായി മറിയുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ ഒഴികെ പരിക്കേറ്റ എല്ലാവരുടേയും നില സാധാരണ നിലയിലാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യാനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
