ഓസ്കർ അക്കാദമിയിൽ ‘കൊടുമൺ പോറ്റിയുടെ ആവാഹനം’; പ്രദർശനം ഫെബ്രുവരി 12ന്
ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഫെബ്രുവരി 12ന് ‘ഭ്രമയുഗം’ പ്രദർശിപ്പിക്കും. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്ശിപ്പിക്കുക. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഇക്കാര്യം സ്വന്തം പേജിലൂടെ ആരാധകരെ അറിയിച്ചത്. ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ‘ഭ്രമയുഗ’ത്തിന് സ്വന്തം. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായാണ് അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
ഭാഷയ്ക്കും ദേശത്തിനും അതീതമായി സിനിമ സ്വീകരിക്കപ്പെടുന്നതിലുള്ള സന്തോഷം സ്വന്തം പേജിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പങ്കുവച്ചു. ‘ഞാൻ കേട്ടുവളർന്ന കഥകളിൽ നിന്നും, വിട്ടുമാറാത്ത ഭയങ്ങളിൽ നിന്നും, ഒരിക്കലും ഒഴിഞ്ഞുപോകാത്ത നിശ്ശബ്ദതകളിൽ നിന്നുമാണ് ഭ്രമയുഗത്തിന്റെ പിറവി. ഭാഷയ്ക്കും ദേശത്തിനും അതീതമായി അത് സ്വീകരിക്കപ്പെടുന്നത് കാണുന്നത് ഹൃദയസ്പർശിയാണ്. ഇത് യാഥാർഥ്യമാക്കിയ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയത്തിന്റെ “Where the Forest Meets the Sea” എന്ന സിനിമാ പരമ്പരയിലെ ഏക ഇന്ത്യൻ ചലച്ചിത്രം – ഫെബ്രുവരി 12, 2026,’ രാഹുൽ കുറിച്ചു.
ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെയാണ് Where the Forest Meets the Sea എന്നു പേരിട്ടിരിക്കുന്ന പരമ്പരയിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ലോകമെമ്പാടുമുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്. മിഡ്സോമ്മർ (2019), ഹാക്സൻ (1922), ലാ ല്ലോറോണ (2019), ദി വിച്ച് (2015), വിയ് (1967), യു വോണ്ട് ബി എലോൺ (2022), അണ്ടർ ദി ഷാഡോ (2016), ദി വിക്കർ മാൻ (1973), ഹിസ് ഹൗസ് (2020), ഒനിബാബ (1965) എന്നിവയാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ.
