നെസ്റ്റ് 2026; രജിസ്ട്രേഷൻആരംഭിച്ചു, വിശദവിവരങ്ങൾ അറിയാം
മുംബൈ: 2026 നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സ് ചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2026 ഏപ്രിൽ 12 രാത്രി 11:30- ന് മുൻപ് വരെയാണ് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാൻ അവസരം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബൈ – സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-CEBS) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് നെസ്റ്റ് പരീക്ഷയുടെ മാർക്ക് പരിഗണിക്കുക. നൈസറിൽ 202 സീറ്റുകളും മുംബൈ സർവകലാശാലയിൽ 59 സീറ്റുകളുമായി ആകെ 261 സീറ്റുകളിലേക്കാണ് പ്രവേശനം. ഔദ്യോഗിക വെബ്സൈറ്റായ nestexam.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ മാർക്ക് 55 ശതമാനമാണ്. ഈ വർഷം പ്ലസ് ടു പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷ അയക്കാം.
അപേക്ഷ ഫീസ്
ജനറൽ/ ഒബിസി- 1,400
ഇഡബ്ല്യുഎസ്/എസ്സി, എസ്ടി/ ഭിന്നശേഷി/ പെൺകുട്ടികൾ- 700
2026 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെയാണ് പരീക്ഷ. ഇന്ത്യയിലുടനീളം ഏകദേശം 140 പരീക്ഷാകേന്ദ്രങ്ങളുണ്ട്. അഡ്മിറ്റ് കാർഡ് മെയ് 15- ന് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് nestexam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
