കർണാടകത്തിൽ വനമേഖലയിൽ 11 കുരങ്ങുകൾ ചത്ത നിലയിൽ
ബംഗളൂരു: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കർണാടകത്തിലെ വനമേഖലയിൽ 11 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. തുമകുരു താലൂക്കിലെ ദേവരായണദുർഗ-ദുർഗദഹള്ളി വനമേഖലയിലാണ് സംഭവം. 500 മീറ്റർ ചുറ്റളവിലാണ് കുരങ്ങുകളുടെ ജഡം കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി.
കുരങ്ങുകളുടെ അന്നനാളത്തിലും കുടലിലും ചോറ് കണ്ടെത്തിയതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മൃഗങ്ങളുടെ വായിലും കഴുത്തിലും നീല നിറമുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായതായാണ് സംശയിക്കുന്നത്. അഴുകിയ ഭക്ഷണം കഴിച്ചതുകൊണ്ട് വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷം മാത്രമേ ശരിയായ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷം നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
