വരുന്നു വീണ്ടും ജിഎസ്ടി ഇളവ്; രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനം?

Share our post

ജിഎസ്ടിയിൽ പൊതുജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരുന്ന തീരുമാനം ഉടനുണ്ടാകും. അടുത്ത 15 ദിവസത്തിനകം ജിഎസ്ടി കൗൺസിൽ ചേരുമെന്നാണ് സൂചന. അതായത്, ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുംമുൻപേ ജിഎസ്ടിയിൽ കൂടുതൽ ആശ്വാസമെത്തിയേക്കും.

ദീപാവലി സമ്മാനമെന്നോണം ഒട്ടുമിക്ക ഉൽപന്ന/സേവനങ്ങളുടെയും നികുതിഭാരം വെട്ടിക്കുറച്ച് ‘ജിഎസ്ടി 2.0’ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഇളവുകൾ അനുവദിക്കാനുള്ള ജിഎസ്ടി കൗൺസിലിന്റെ നീക്കം. ഇക്കുറി പ്രധാനമായും 2 ഉൽപന്നങ്ങൾക്കാണ് നികുതി കുറച്ചേക്കുക.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അവസാനമായി ജിഎസ്ടി കൗൺസിൽ ചേർന്നത്. അന്ന് 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കുകയും ഉൽപന്ന/സേവനങ്ങളെ 5, 18% സ്ലാബുകളിലേക്ക് മാറ്റുകയുമായിരുന്നു. ചില ഉൽപന്ന/സേവനങ്ങളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കി. 28 ശതമാനം സ്ലാബിലുണ്ടായിരുന്ന ആഡംബര വസ്തുക്കൾ, സിഗററ്റ് പോലുള്ള ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കൾ എന്നിവയെ പുതുതായി സൃഷ്ടിച്ച 40% എന്ന പ്രത്യേക സ്ലാബിലേക്കും മാറ്റിയിരുന്നു.

രാജ്യത്ത് പലയിടത്തും വായുനിലവാരം മോശമായതിനെ തുട‍ർന്ന് ഗാർഹിക ആവശ്യത്തിനുള്ള വാട്ട‍ർ, എയർ പ്യൂരിഫയറുകളുടെ നികുതിയാണ് അടുത്ത യോഗത്തിൽ കുറയ്ക്കുക. നിലവിൽ 18 ശതമാനമാണ് നികുതി. ഇത് 5 ശതമാനമാക്കും. ഇതോടെ ഇവയുടെ വില 10–15 ശതമാനം വരെ കുറയും. കൂടുതൽ പേർക്ക് ഇത്തരം ഉപകരണങ്ങൾ വാങ്ങാനുള്ള സാഹചര്യവും ഒരുങ്ങും.

നിലവിൽ 18% ജിഎസ്ടിയുള്ളതും വീടുകളിൽ ഉപയോഗിക്കുന്നതുമായ ചില കീടനാശിനികളുടെ നികുതിഭാരവും കുറച്ചേക്കും. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഡൽഹിയിലെ വായു നിലവാരം മോശമായതിനെ തുടർന്ന് വാട്ടർ, എയർ പ്യൂരിഫയറുകളുടെ നികുതി കുറയ്ക്കണമെന്ന ഹ‍ർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നികുതി കുറയ്ക്കുന്നത് ആലോചിക്കാൻ ജിഎസ്ടി കൗൺസിലിനോട് കോടതിയും നിർദേശിച്ചിരുന്നു.

ആവശ്യമെങ്കിൽ ഓൺലൈനായും യോഗം ചേരാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജിഎസ്ടി കൗൺസിൽ യോഗം ഓൺലൈനായി ചേരാനാവില്ലെന്നായിരുന്നു സ‍ർ‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ നൽകിയ മറുപടി. ശുദ്ധമായ വായു ഉറപ്പാക്കാൻ കഴിയില്ലെങ്കിൽ എയർ പ്യൂരിഫയറുകളുടെ ജിഎസ്ടിയെങ്കിലും കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ജിഎസ്ടി നിരക്കിൽ തീരുമാനമെടുക്കാനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണ്. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരും അംഗങ്ങളാണ്. ഓരോ ത്രൈമാസത്തിലും സമിതി യോഗം ചേരണമെന്നാണ് ചട്ടം. സെപ്റ്റംബർ മൂന്നിനാണ് 56–ാമത് കൗൺസിൽ യോഗം ചേര്‍ന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!