കാസർകോട്ടേക്ക് ചുവടുമാറ്റാൻ കെ.എം. ഷാജി; കുഞ്ഞാലിക്കുട്ടി മണ്ഡലം മാറുമോ? ചർച്ചകളിൽ ലീഗ്
പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മലപ്പുറത്തേക്ക് മാറിയേക്കുമെന്ന അഭ്യൂഹവും ഇക്കൂട്ടത്തിലുണ്ട്. യുഡിഎഫ് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുന്ന സീറ്റാണ് മലപ്പുറം. വേങ്ങരയിൽ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ ഭൂരിപക്ഷം 45,000 ആയി കൂടിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയാൽ റെക്കോഡ് ഭൂരിപക്ഷം എന്ന കണക്കുകൂട്ടലുമുണ്ട് ലീഗ് അണികളിൽ. മണ്ഡലമാറ്റം സജീവ പരിഗണനയിലാണെന്നിരിക്കെ വേങ്ങരയിലെ ഇപ്പോഴത്തെ വോട്ടുകണക്ക് കുഞ്ഞാലിക്കുട്ടിയെ അവിടെതന്നെ തുടരാൻ മോഹിപ്പിക്കുന്നതാണ്. രണ്ട് തവണ അഴീക്കോട് എംഎൽഎ ആയിരുന്ന കെ.എം. ഷാജി ഇത്തവണ അഴീക്കോട്ട് മത്സരിക്കില്ല. നിലവിൽ എൻ.എ. നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന കാസർകോട്ട് കെ.എം. ഷാജി മത്സരിക്കാനാണ് സാധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ ഷാജിയുടെ പേര് കാസർകോട് മണ്ഡലത്തിൽ കേട്ടിരുന്നെങ്കിലും അന്ന് ചില എതിർപ്പുകൾ ഉയർന്നിരുന്നു. എതിർപ്പുകൾ നേരത്തെ തന്നെ പറഞ്ഞുപരിഹരിച്ച് കെ.എം. ഷാജി ഇപ്പോൾ കാസർകോട് സജീവമായി രംഗത്തുണ്ട്. കൊണ്ടോട്ടി എംഎൽഎ ടി.വി. ഇബ്രാഹീം വള്ളിക്കുന്നിലേക്ക് മാറാനാണ് സാധ്യത. മഞ്ചേരിയിൽ യു.എ. ലത്തീഫിന് പകരം യുവാക്കളെയാണ് പരിഗണിക്കുന്നത്. പി.എം.എ. സലാമിന് തിരൂരങ്ങാടിയോ വള്ളിക്കുന്നോ നൽകിയേക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മാറുകയാണെങ്കിൽ പി. അബ്ദുൽ ഹമീദോ കുഞ്ഞാലിക്കുട്ടി നിർദേശിക്കുന്ന മറ്റൊരു പേരോ അവിടെ പരിഗണിച്ചേക്കും.
മൂന്ന് തവണ എംഎൽഎമാരായവർ മാറി നിൽക്കണമെന്ന വ്യവസ്ഥയിൽ പലർക്കും ഇളവ് നൽകിയേക്കും. മുനീറിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം ഉണ്ടാവുക. മൂന്ന് ടേം പൂർത്തിയായ മലപ്പുറം എംഎൽഎ പി. ഉബൈദുള്ള, കാസർകോട്ടെ എൻ.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി എംഎൽഎ കെ.പി.എ. മജീദ് എന്നിവരുടെ മാറ്റം ഉറപ്പായിക്കഴിഞ്ഞു. ടേം കഴിഞ്ഞില്ലെങ്കിലും മഞ്ചേരി എംഎൽഎ യു.എ. ലത്തീഫിനും ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് വിവരം.
എം.കെ. മുനീർ മത്സരരംഗത്ത് ഉണ്ടാകുകയാണെങ്കിൽ കൊടുവള്ളി വിട്ട് പഴയ തട്ടകമായ കോഴിക്കോട് സൗത്തിൽ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ കോഴിക്കോട് സൗത്ത് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് മുതിർന്ന നേതാവും അവിടുത്തെ മുൻ എംഎൽഎ കൂടിയായ മുനീറിനെ തന്നെ പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിപക്ഷം നേടാനായതും മുനീറിന് ആത്മവിശ്വാസം നൽകുന്നു.
മൂന്ന് തവണ എംഎൽഎമാരായ പി.കെ ബഷീറും മഞ്ഞളാംകുഴി അലിയും മാറണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. അതേനിലയുള്ള എൻ. ഷംസുദ്ദീന് വീണ്ടും അവസരം നൽകാനാണ് സാധ്യത. മണ്ണാർക്കാട്ടെ വിജയസാധ്യത എന്ന പരിഗണനയും ഷംസുദ്ദീന് തുണയാണ്. ഷംസുദീനെ മത്സരിപ്പിക്കുകയാണെങ്കിൽ പി.കെ. ബഷീറിനും മഞ്ഞളാം കുഴി അലിക്കും ഒരു തവണ കൂടി അവസരം നൽകണം എന്ന ആവശ്യവും ഉയരും.
പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലം മാറുകയാണെങ്കിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ പി.കെ. സമീറും സീറ്റിനായി രംഗത്തുണ്ട്. സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയരാൻ സാധ്യതയുള്ള വിമർശനങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ഒപ്പം ഒരു വനിതാ ലീഗ് നേതാവിനെ മലപ്പുറത്ത് മത്സരിപ്പിക്കാനും ലീഗിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരം.
മുസ്ലിം ലീഗിൽ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി തങ്ങൾ നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച നേട്ടം നിയമസഭയിൽ ചോർന്നുപോവാതിരിക്കാനുള്ള പഴുതുകളടച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനാണ് ലീഗ് നേതൃത്വം പദ്ധതി ആവിഷ്കരിക്കുന്നത്.
