‘പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വസ്തുത പറയുന്നില്ല’; വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വർത്തമാനകാലത്ത് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വസ്തുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലന്നും അതിന്റെ കാലം കഴിഞ്ഞുവെന്നും വിമർശിച്ച് സുപ്രീംകോടതി. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിക്ക് ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുൽ ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാർത്താ ചാനലുകളും പത്രങ്ങളും വസ്തുതകൾ ശരിയായി റിപ്പോർട്ട് ചെയ്യുന്ന കാലം കഴിഞ്ഞുവെന്നത് ദൗർഭാഗ്യകരമാണ്. ആരും വസ്തുതകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നില്ല. പക്ഷംചേർന്നുള്ള റിപ്പോർട്ടുകൾ മാത്രമാണിപ്പോൾ. ഒരു പത്രം വായിച്ചാൽ ഒരു വീക്ഷണവും മറ്റൊരു പത്രം വായിച്ചാൽ മറ്റൊരു വീക്ഷണവുമാണ് ഇപ്പോൾ കിട്ടുക. വസ്തുനിഷ്ഠമായ വസ്തുതകൾ പൂർണ്ണമായും ത്യജിക്കപ്പെടുന്നു. ഒരു രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണത്. മുമ്പ് ഏത് പത്രം വായിച്ചാലും വസ്തുത ഒന്നുതന്നെ ആയിരുന്നു. പൊതുവായ വസ്തുത എവിടെയും കാണാനാകുന്നില്ലെന്നതാണ് ദുഃഖകരമായ കാര്യം. വാർത്തകൾ ഫിൽട്ടർ ചെയ്യാനും ഏത് മാധ്യമം ഏത് സാഹചര്യത്തിൽ അത് നൽകിയെന്ന് മനസിലാക്കാനുമുള്ള കഴിവും നമ്മൾ ഇപ്പോൾ നേടിയിട്ടുണ്ട്. നമ്മുടെ അവസ്ഥയുടെ നേർ പ്രതിഫലനമാണ് അത്– കോടതി പറഞ്ഞു. തുടർന്ന് ടെലികോം തർക്ക പരിഹാര, അപ്പലേറ്റ് ട്രൈബ്യൂണലിനോട് സാക്ഷി ടിവിയുടെ കേസിൽ വേഗം വാദം കേൾക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
