തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ സുസജ്ജം
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷിതമായ വോട്ടിങ്ങിനായി കണ്ണൂർ സിറ്റി പോലീസ് സുസജ്ജമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അഡീഷണൽ എസ്പി സജേഷ് വാഴളാപ്പിൽ, 12 എസിപി/ഡിവൈഎസ്പി മാർ, 43 പോലീസ് ഇൻസ്പെക്ടർമാർ, 177 സബ് ഇൻസ്പെക്ടർമാർ, പോലീസ് ഉദ്യോഗസ്ഥന്മാർ, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ആംഡ് പോലീസ്(കെഎപി 4 ബറ്റാലിയൻ, കെഎപി 2 ബറ്റാലിയൻ, കെഎപി 5 ബറ്റാലിയൻ), വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, റെയിൽവേ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, കേരള എക്സൈസ് വകുപ്പ്, ഹോം ഗാർഡ്, രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ 2200 സേനാംഗങ്ങൾ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. 457 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിൽ 1304 ബൂത്തുകൾ ആണുള്ളത്. അതിൽ 85 അതീവ പ്രശ്നബാധിത ബൂത്തുകളും, 470 പ്രശ്നബാധിത ബൂത്തുകളും ഉണ്ട്. ഇവിടെ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടു പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി ഓരോ സബ് ഡിവിഷനുകൾ രൂപീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് പട്രോളുകൾ, സബ് ഡിവിഷൻ സ്ട്രൈക്കിങ് ഫോഴ്സുകൾ, ഡി പി സി സ്ട്രൈക്കിങ് ഫോഴ്സ്, സോണൽ സ്ട്രൈക്കിങ് ഫോഴ്സ് കൂടാതെ ഓരോ പോലീസ് സ്റ്റേഷൻ തലത്തിൽ തന്നെ 2 ക്രമസമാധാന പട്രോളുകൾ എന്നിവ അടിയന്തര ഘട്ടങ്ങളിൽ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.
