യുഡിഎഫ് പേരാവൂരിന്റെ വികസനം തടയുന്നുവെന്ന് എൽഡിഎഫ്
പേരാവൂർ: ടൗണിന്റെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് മണ്ണിടുന്ന ഘട്ടത്തിൽ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണ് പേരാവൂരിലെ യുഡിഎഫ് നേതൃത്വമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. എൽഡിഎഫ് ഭരണസമിതി ഏറ്റെടുത്ത2.65 ഏക്കർ ഭൂമി തരം മാറ്റാൻ സ്വാഭാവികമായി ഉണ്ടായ കാലതാമസമാണ് പദ്ധതി വൈകിച്ചത്.
കോളയാട്, നെടുംപൊയിൽ ടൗണുകളിൽ വികസനം നടത്തിയത് കെ.കെ.ശൈലജ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് കൊണ്ടാണ്. എന്നാൽ പേരാവൂർ മണ്ഡലത്തിലെ ഒരു ടൗണിന് പോലും സണ്ണി ജോസഫ് എംഎൽഎ ഫണ്ട് അനുവദിച്ചിട്ടില്ല. ഡോ.വി.ശിവദാസൻ എംപി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇത് പേരാവൂരിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും.
പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും പ്രവർത്തിക്കുന്നത് സ്വന്തം കെട്ടിടത്തിലാണ്, ആറ് പതിറ്റാണ്ട് എൽഡിഎഫ് ഭരിച്ചതിലൂടെ ഇത്തരത്തിലുള്ള നിരവധി നേട്ടങ്ങളാണ് പഞ്ചായത്തിന് കൈവന്നിട്ടുള്ളത്. യുഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ ഭൂമി ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടക്കാത്തതെന്നും നേതാക്കൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ എൽഡിഎഫ്നേതാക്കളായ ടി.രഗിലാഷ്, വി.പദ്മനാഭൻ, എ.കെ.ഇബ്രാഹിം , എസ്.എം.കെ മുഹമ്മദലി,, കെ.എ.രജീഷ് എന്നിവർ സംബന്ധിച്ചു.
