തെറ്റുവഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഇല്ലാത്തത് സിപിഎം തന്ത്രമെന്ന് യുഡിഎഫ്
പേരാവൂർ: തെറ്റുവഴി വാർഡിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്താതിരുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് യുഡിഎഫ് നേതാക്കൾ പേരാവൂർ പ്രസ്‌ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സിപിഎം സ്ഥാനാർഥിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രികകൾ തള്ളിയതിന് പിന്നിൽ എൽഡിഎഫ് ഗൂഡാലോചനയാണ്. പത്രിക പൂരിപ്പിക്കാൻ അറിയാത്തവരാണ് എൽഡിഎഫ് എന്ന് ആരും വിശ്വസിക്കില്ല. പത്രികയിൽ മനപൂർവം തെറ്റുകൾ വരുത്തി വാർഡിൽ സ്ഥാനാർഥിയെ ഒഴിവാക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥിക്കെതിരെ രംഗത്തുള്ള സ്ഥാനാർഥികളെ സഹായിക്കാനാണ് എൽഡിഎഫ് വാർഡിൽ സ്ഥാനാർഥിയെ നിർത്താതിരുന്നതെന്നും നേതാക്കൾ ആരോപിച്ചു. എൽഡിഎഫിന്റെ കുതന്ത്രങ്ങൾക്കെതിരെ തെറ്റുവഴി വാർഡിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും. പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ അഡ്വ.ഷഫീർ ചെക്ക്യാട്ട്, പി.പി.ഷമാസ്, പി.എസ്.മാത്യു, കെ.പി.ദാസൻ, ജൂബിലി ചാക്കോ, സിറാജ് പൂക്കോത്ത് എന്നിവർ സംസാരിച്ചു.
