കോളയാട്ടെ കോട്ട കാക്കാൻ എൽഡിഎഫ്; പൊരുതാനുറച്ച് യുഡിഎഫ്
കോളയാട്: പേരാവൂർ, കൂത്തുപറമ്പ് ബ്ലോക്കുകളിലെ മൂന്ന് വീതം ഡിവിഷനുകൾ ഉൾപ്പെടുന്ന കോളയാട് ഡിവിഷൻ ഇടതിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ്. കഴിഞ്ഞ തവണയുണ്ടായിരുന്ന പേരാവൂർ ബ്ലോക്കിലെ കേളകം, കൊളക്കാട് ഡിവിഷനുകൾ ഒഴിവാക്കി കൂത്തുപറമ്പ് ബ്ലോക്കിലെ കണ്ടംകുന്ന്, മാനന്തേരി, കണ്ണവം ഡിവിഷനുകൾ കൂട്ടിച്ചേർത്തതാണ് നിലവിലെ കോളയാട് ഡിവിഷൻ. ജില്ലയിൽ സിപിഐക്ക് ഏറ്റവും ശക്തിയുള്ള ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മുഴുവനും ഇക്കുറി കോളയാട് ഡിവിഷനിലാണ്. സിപിഐ പ്രതിനിധികൾതന്നെയാണ് മുൻപും ഈ ഡിവിഷനിൽ വിജയിച്ചിട്ടുള്ളത്. 2015-ൽ വി.കെ.സുരേഷ്ബാബുവും 2020-ൽ വി.ഗീതയുമാണ് ഡിവിഷനിൽ നിന്നുള്ള സിപിഐ പ്രതിനിധികൾ. വാർഡ് പുനർവിഭജനം ഡിവിഷനെ എൽഡിഎഫ് ശക്തികേന്ദ്രമാക്കിയിട്ടുണ്ട്.
കോളയാട് പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും വലിയ വോട്ടു വ്യത്യാസം ഇല്ലെങ്കിലും ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം പഞ്ചായത്തുകൾ എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. എല്ലാ ഡിവിഷനുകളിലും എൻഡിഎക്കും വോട്ടുബാങ്കുകളുണ്ട്. ഇത്തവണ ആം ആദ്മി പാർട്ടിയും സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടുണ്ട്. എൽഡിഎഫിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് സിജാ രാജീവനാൂം യുഡിഎഫിൽആയുർവേദ ഡോക്ടറായ ആഷിതാ അനന്തനും എൻഡിഎയിൽ ബിജെപി ജില്ലാ കമ്മിറ്റിയംഗം സ്മിത ചന്ദ്രബാബുവും ആം ആദ്മി പാർട്ടിക്ക് വേണ്ടി പയ്യാവൂർ പൈസക്കരി സ്വദേശിനി പൂപ്പള്ളിൽ ജൻസമ്മ വർഗീസുമാണ് ജനവിധി തേടുന്നത്.
സിജാ രാജീവൻ
എൽഡിഎഫ്
മാനന്തേരി ഞാലിൽ സ്വദേശിനി. സിപിഐ മാനന്തേരി ലോക്കൽ കമ്മിറ്റിയംഗവും വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘം കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയംഗവുമാണ്. ചിറ്റാരിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അരീക്കര വാർഡിൽ നിന്ന് വിജയിച്ച് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വൈസ്.പ്രസിഡന്റായി.
ഡോ.ആഷിതാ അനന്തൻ
യുഡിഎഫ്
മാനന്തേരി വണ്ണാത്തിമൂല സ്വദേശിനി.യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തക.കോൺഗ്രസ് നേതാക്കളായ ദമ്പതികളുടെ മകൾ. പിഎസ്സി പരീക്ഷയുടെ തയ്യാറെടുപ്പിനിടയിലാണ് ജനവിധി തേടുന്നത്.
സ്മിത ചന്ദ്രബാബു
എൻഡിഎ
വേക്കളം ഗവ.യു.പി,.സ്കൂൾ പ്രീ പ്രൈമറി അധ്യാപികയായ സ്മിത വിളക്കോട് സ്വദേശിനിയാണ്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും കോളയാട് ഗ്രാമപ്പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിലംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി ജില്ലാ സെക്രട്ടറി.
