പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്താൻ എൽഡിഎഫ്; പൊരുതി നോക്കാൻ യുഡിഎഫ്
പേരാവൂർ: യുഡിഎഫിന്റെ കയ്യിൽ ഭദ്രമായിരുന്ന പേരാവൂർ ബ്ലോക്ക് 2005-ലാണ് എൽഡിഎഫ് പിടിച്ചെടുക്കുന്നത്. തുടർന്നിങ്ങോട്ട് 20 വർഷമായി എൽഡിഎഫാണ് ഭരണം കയ്യാളുന്നത്. 2005-ൽ ആകെയുള്ള 12 ഡിവിഷനുകളിൽ ഏഴെണ്ണം നേടിയാണ് ഭരണം പിടിച്ചതെങ്കിൽ 2010-ൽ 13 ഡിവിഷനുകളിൽ ഏഴ് ഡിവിഷനുകളിലായിരുന്നു വിജയം. 2015-ൽ ഇത് എട്ട് ഡിവിഷനുകളായും 2020-ൽ കേരള കോൺഗ്രസ് (മാണി) എൽഡിഎഫിലെത്തിയതോടെ13-ൽ പത്ത് ഡിവിഷനുകളിലായും വിജയം തുടർന്നു.
കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പേരാവൂർ ബ്ലോക്ക്. ഇതിൽ കൊട്ടിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫാണ്. ഈ വർഷം പേരാവൂരും കൊളക്കാടും വിഭജിച്ച് തൊണ്ടിയിൽ കേന്ദ്രമായി പുതിയ ഒരു ഡിവിഷൻ ഉണ്ടാക്കിയിട്ടുണ്ട്.നിലവിലുള്ള മുരിങ്ങോടി ഡിവിഷന്റെ പേര് മാറ്റി കാക്കയങ്ങാട് എന്നാക്കുകയും ഇതിൽ മുഴക്കുന്ന് ഡിവിഷനിൽ നിന്നുള്ള ഏതാനും വാർഡുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
കടുത്ത പോരാട്ടം ബ്ലോക്ക് ഡിവിഷനുകളിൽ കാണാനില്ലെങ്കിലും കഴിഞ്ഞ തവണ 161 വോട്ടുകൾക്ക് നഷ്ടപ്പെട്ട അടക്കാത്തോട് ഡിവിഷൻ ഇത്തവണ തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഡിവിഷൻ നേരിയ മാർജിനിലാണെങ്കിലും നിലനിർത്തുമെന്ന് എൽഡിഎഫും പറയുന്നു. കൊളക്കാട്, പേരാവൂർ ഡിവിഷനുകൾ വിഭജിച്ചുണ്ടാക്കിയ തൊണ്ടിയിൽ ഡിവിഷനിലും യുഡിഎഫ് വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. പാല, കൊട്ടിയൂർ, കൊളക്കാട് ഡിവിഷനുകളാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. അമ്പായത്തോട്, കേളകം, പേരാവൂർ, കോളയാട്, ആലച്ചേരി, മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാട് ഡിവിഷനുകൾ എൽഡിഎഫ് ശക്തി കേന്ദ്രങ്ങളാണ്. ബ്ലോക്കിൽ യുഡിഎഫ് നില മെച്ചപ്പെടുത്തുമെങ്കിലും ഭരണം നിലനിർത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
കൊട്ടിയൂർ ഡിവിഷനിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിമതനായി പത്രിക നല്കിയ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത് ചില ഡിവിഷനുകളിൽ യുഡിഎഫ് വോട്ടുകളിൽ ചോർച്ചയുണ്ടാക്കാൻ സാധ്യതയുണ്ട്.
പേരാവൂർ ഡിവിഷനിൽ ഇക്കുറി മികച്ച മത്സരത്തിനാണ് സാധ്യത. എൽഡിഎഫിൽ സിപിഐ സ്ഥാനാർഥികൾ സ്ഥിരമായി വിജയിക്കുന്ന പേരാവൂരിൽ മാധ്യമപ്രവർത്തകനും സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറിയുമായ ഷിജിത്ത് വായന്നൂരാണ് ജനവിധി തേടുന്നത്. നിലവിൽ പേരാവൂർ പഞ്ചായത്തംഗമായ നൂറുദ്ദീൻ മുള്ളേരിക്കൽ യുഡിഎഫിനു വേണ്ടി മികച്ച പ്രചരണവുമായി രംഗത്തുണ്ട്. ബിജെപി പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് മുരിങ്ങോടിയാണ് എൻഡിഎക്ക് വേണ്ടി രംഗത്തുള്ളത്.
യുഡിഎഫിന് വിജയപ്രതീക്ഷയുള്ള കാഞ്ഞിലേരിയിൽ മൂന്ന്മുന്നണികൾക്ക് പുറമെ എസ്ഡിപിഐ കൂടി രംഗത്തുള്ളത് ഈ ഡിവിഷനിൽ മത്സരം കടുത്തതാക്കും. കേളകം, കൊളക്കാട് ഡിവിഷനുകളിൽ ആം ആദ്മി പാർട്ടി മത്സര രംഗത്തുള്ളത് എൽഡിഎഫിനും യുഡിഎഫിനും ഒരേപോലെ തലവേദനയായിട്ടുണ്ട്. കോളയാടും ആലച്ചേരിയിലും ബിജെപി സ്ഥാനാർഥിയുടെ പത്രികകൾ തള്ളിയതും വിവാദമായിരുന്നു.
