പോസ്റ്റൽ ബാലറ്റ്: ത്രിതല പഞ്ചായത്തിലേക്ക് മൂന്ന് അപേക്ഷ വേണം

Share our post

ത്രിതല പഞ്ചായത്തുകളിലേക്ക് പോസ്റ്റൽ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകർപ്പ് സഹിതം ഒറ്റ കവറിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കുന്നവർ നഗരസഭകളിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന വാർഡിന്റെ ചുമതലയുള്ള വരണാധികാരിക്ക് തന്നെ വേണം നൽകാൻ. ഒരു അപേക്ഷ നൽകിയാൽ മതിയാകും. അപേക്ഷയിൽ സമ്മതിദായകന്റെ പേരും പോസ്റ്റൽ മേൽവിലാസവും വോട്ടർ പട്ടികയുടെ ക്രമനമ്പരും. ഭാഗം (വിഭാഗം) നമ്പരും കൃത്യമായും രേഖപ്പെടുത്തണം.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റുകൾ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുമാണ് സമ്മതിദായകർക്ക് അയക്കുക. ഈ വരണാധികാരികൾ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും, രേഖകളും, കവറുകളും ഒന്നിച്ചായിരിക്കും അയക്കുക.
ഇതിനകം പരിശീലന കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിച്ചതും ലഭിക്കുന്നതുമായ വോട്ടർമാരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് ഉടൻ കൈമാറി തുടർനടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശം നൽകി.
വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് മുൻപ് തന്നെ വരണാധികാരിക്ക് കിട്ടത്തക്കവിധമുള്ള സമയക്രമീകരണം വരുത്തി വേണം വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ അയക്കേണ്ടത്.

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീൻ തയ്യാർ

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 50,607 കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വെള്ളിയാഴ്ച മുതൽ ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകും. ഡിസംബർ 3 മുതൽ അവയിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും.
കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാർട്ട്‌മെൻറിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 15-ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.
കണ്ണൂർ: കൺട്രോൾ യൂനിറ്റ് 3603, ബാലറ്റ് യൂനിറ്റ് 9674.

ഡമ്മിബാലറ്റിൽ മറ്റ് സ്ഥാനാർഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാർത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.
യഥാർത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിർമ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകൾ ഉപയോഗിക്കാം. എന്നാൽ ഇത് യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാൻ പാടില്ല.
പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിലും തടസമില്ല. എന്നാൽ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാൻ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്, മഞ്ഞ, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാം.
ഒരു സ്ഥാനാർത്ഥി തനിക്ക് വേണ്ടി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുമ്പോൾ അതിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ ഉണ്ടായിരിക്കാൻ പാടില്ല. തന്റെ പേര്, ബാലറ്റ് പേപ്പറിൽ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറിൽ അച്ചടിക്കാം. മുഴുവൻ സ്ഥാനാർത്ഥികളുടേയും ക്രമനമ്പറുകളും ഡമ്മി ബാലറ്റ് പേപ്പറിൽ അച്ചടിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!