സന്നിധാനത്ത്‌ വിപുലമായ സേവനമൊരുക്കി ആരോഗ്യവകുപ്പ്

Share our post

ശബരിമല: സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനമൊരുക്കി ആരോഗ്യവകുപ്പ്. ശബരിമലയില്‍ വലിയ നടപ്പന്തലിന് വലതുവശത്തായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ആശുപത്രിയില്‍ തീർഥാടകര്‍ക്ക് ആധുനിക നിലവാരത്തിലുള്ള ചികിത്സ ലഭിക്കും. 24 മണിക്കൂർ അത്യാഹിതവിഭാഗം, ഒപി സേവനം എന്നിവയോടൊപ്പം ലാബ്, എക്സ്റേ, ഇസിജി, ഓപ്പറേഷന്‍ തിയേറ്റര്‍, അഞ്ച് കിടക്കയുള്ള ഐസിയു വാര്‍ഡ്, 18 കിടക്കയുള്ള വാര്‍ഡ് എന്നിവയും സജ്ജം. സാധാരണ മരുന്നുകള്‍ കൂടാതെ ഹൃദയാഘാതത്തിനുളള മരുന്ന്, പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍, ആന്റി സ്നേക്ക് വെനം എന്നിവയും കരുതിയിട്ടുണ്ട്. റെഫറല്‍ ആശുപത്രികളായ കോന്നി, കോട്ടയം മെഡിക്കല്‍ കോളേജുകളും സേവനസജ്ജം. കാര്‍ഡിയോളജിസ്റ്റ്, ഫിസിഷ്യന്‍, ഓര്‍ത്തോപീഡിഷ്യന്‍, ജനറല്‍ സര്‍ജന്‍, അനസ്തേഷ്യോളജിസ്റ്റ്, അസി. സര്‍ജന്‍ എന്നിവരുടെയും സേവനം ലഭിക്കും. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാൻ ആംബുലന്‍സുമുണ്ട്. സന്നിധാനത്തോടൊപ്പം പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ആശുപത്രിയും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററും ചരല്‍മേട്, കരിമല ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. പമ്പമുതല്‍ സന്നിധാനംവരെ പതിനേഴും എരുമേലി കരിമല കാനന പാതയില്‍ അഞ്ചും അടിയന്തരവൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ടോള്‍ ഫ്രീ എമര്‍ജന്‍സി നമ്പർ: 04735 203232

​പമ്പ മുതല്‍ സന്നിധാനം വരെ എവിടെ അത്യാഹിതമുണ്ടായാലും 04735 203232 എന്ന ടോള്‍ ഫ്രീ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കുമ്പോഴേക്കും ആംബുലന്‍സ് ഉള്‍പ്പടെയുള്ള സേവനം ലഭ്യമാകും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ടല്ലാതെ ആംബുലന്‍സ് വിളിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ഒഴിവാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!